
കൊല്ലം: കോളേജുകളിൽ യുവതികളുടെ കൂട്ടായ്‌മയായ ഓക്‌സിലറി ഗ്രൂപ്പുകൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. പദ്ധതിക്ക് മുന്നോടിയായി ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട കോളേജുകളുടെ പട്ടിക ഉന്നത വിദ്യാഭ്യാസ ഡയറക്ടർ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർക്ക് കൈമാറി.
ഇതിൽ നിന്ന് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുന്ന എസ്.എൻ വനിതാ കോളേജിൽ ഓറിയന്റേഷൻ ക്ലാസ് പൂർത്തിയായി. നിരവധി വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമറിയിച്ചതായി കുടുംബശ്രീ അധികൃതർ വ്യക്തമാക്കി. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥിനികൾക്ക് പ്രാധാന്യം നൽകിയാകും ഗ്രൂപ്പുകളുടെ രൂപീകരണം.
ട്രാൻസ്ജെൻഡർ വനിതകൾക്കും അംഗങ്ങളാകാം. 20 പേരടങ്ങിയ ഒന്നിലേറ ഗ്രൂപ്പുകൾ രൂപീകരിക്കാനാണ് സാദ്ധ്യത. സ്റ്റേറ്റ് മിഷനിൽ നിന്ന് ഇതിൽ വ്യക്തത വന്നശേഷം തുടർ നടപടി സ്വീകരിക്കും. കോളേജിലേത് കൂടാതെ നാട്ടിലെ ഓക്‌സിലറി ഗ്രൂപ്പിലും അംഗമാകാം. ഇരട്ട അംഗത്വമുള്ളതിനാൽ കോളേജ് പഠനശേഷം നാട്ടിലെ ഓക്‌സിലറി ഗ്രൂപ്പിൽ തുടരാം. പഠനത്തോടൊപ്പം ജോലി, വരുമാനം എന്നതിലേക്ക് ഓരോ വിദ്യാർഥിനിയെയും എത്തിക്കുകയെന്നതിന്റെ ആദ്യ ചുവടുവയ്‌പ്പാണിത്.
സാമൂഹിക - സാമ്പത്തിക സ്ത്രീ ശാക്തീകരണത്തിന് യുവതികളെ ഭാഗമാക്കാനാണ് 2021-22ൽ ഓക്സിലറി ഗ്രൂപ്പുകൾക്ക് തുടക്കം കുറിച്ചത്. 18-40 വയസുവരെയുള്ള എല്ലാ യുവതികളെയും കുടുംബശ്രീയുടെ ഭാഗമാക്കാനാണ് ഓക്സിലറി ഗ്രൂപ്പുകൾ വിഭാവനം ചെയ്തത്.
വിദ്യാർത്ഥിനികളുടെ ഓക്‌സിലറി ഗ്രൂപ്പ്
നൂതന ആശയങ്ങളും കഴിവുകളും പ്രയോജനപ്പെടുത്തുക
വരുമാനം കണ്ടെത്താൻ പുതുതലമുറയെ പ്രാപ്തമാക്കുക
തൊഴിൽ സാദ്ധ്യത മനസിലാക്കി പിന്തുണ നൽകുക
തൊഴിൽ സംസ്കാരം, സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം നൽകുക
മാനസികാരോഗ്യം സംരക്ഷിക്കുക
സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക
മികച്ച പ്രതികരണമാണ് വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
കുടുംബശ്രീ അധികൃതർ