കൊല്ലം: പുതിയ കെട്ടിടം നിർമ്മിക്കാനായി പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ തൊട്ടടുത്തുള്ള പഴയ പോർട്ട് ഓഫീസിലേക്ക് മാറ്റും. ഇതു സംബന്ധിച്ച ആഭ്യന്തര വകുപ്പിന്റെ വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം ഇറങ്ങും. വാടക കരാർ ഉറപ്പിച്ചിട്ടുണ്ട്. സ്റ്റെയർ റൂം സഹിതം ഒരുനില കെട്ടിടം നിർമ്മിക്കാൻ എം. മുകേഷ് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
റസ്റ്റ് റൂം, താത്കാലിക സെൽ എന്നിവ കൂടി സജ്ജമാക്കി പഴയ പോർട്ട് ഓഫീസ് കെട്ടിടത്തിൽ രണ്ട് മാസത്തിനുള്ളിൽ പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നതിന് പിന്നാലെ നിലവിലെ സ്റ്റേഷൻ കെട്ടിടം പൊളിക്കും. ഇതിനിടെ പുതിയ കെട്ടിട നിർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിക്കും.കെട്ടിടത്തിന്റെ രൂപരേഖയ്ക്ക് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയറുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം പുതിയ കെട്ടിടം നിർമ്മിക്കാനായി ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു.
പണ്ട് തുറമുഖ വകുപ്പ് ഗോഡൗണായി ഉപയോഗിച്ചിരുന്നതും ബ്രിട്ടീഷ് ഭരണകാലത്ത് ഓട് പാകി നിർമ്മിച്ചതുമായ കെട്ടിടത്തിലാണ് പള്ളിത്തോട്ടം സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കഴുക്കോലടക്കം ചിതലരിച്ച നിലയിലാണ്. വാതിലുകൾക്കും ജനാലകൾക്കും ഉറപ്പില്ല. ആയുധങ്ങളും രേഖകളും സൂക്ഷിക്കാൻ സുരക്ഷിത സൗകര്യവുമില്ല. ഓടുകൾ പലേടത്തും പൊട്ടിയിരിക്കുന്നതിനാൽ മഴക്കാലത്ത് സ്റ്റേഷനിൽ കുടപിടിച്ച് ഇരിക്കേണ്ട അവസ്ഥയാണ്. സെല്ലിന് ഉറപ്പില്ലാത്തതിനാൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കുമ്പോൾ വെസ്റ്റ് സ്റ്റേഷനിലെ സെല്ലിലേക്കാണ് മാറ്റുന്നത്. വനിതാ ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാൻ ഇടമില്ല എന്നതടക്കം ഏറെ പരാധീനതകളുണ്ട്.
രൂപരേഖ ഇങ്ങനെ
എസ്.എച്ച്.ഒയ്ക്കും ലാ ആൻഡ് ഓർഡർ എസ്.ഐക്കും പ്രത്യേക മുറികൾ
റിസപ്ഷൻ ഏരിയ, ശൗചാലയങ്ങൾ
പുരുഷ, വനിത ഉദ്യോഗസ്ഥർക്ക് പ്രത്യേകം വിശ്രമ മുറികൾ
കമ്പ്യൂട്ടർ, ക്രൈം റെക്കാർഡ്സ്, ആംസ് റൂമുകൾ
പുരുഷ, വനിത, ട്രാൻസ്ജെൻഡർ സെല്ലുകൾ