കൊല്ലം: കാവനാട് വില്ലേജ് ഓഫീസിനും കോർപ്പറേഷൻ സോണൽ ഓഫീസിനും മദ്ധ്യേയുള്ള റോഡ് ലഹരി സംഘങ്ങളുടെ പിടിയിലെന്ന് പരാതി. കെ.സി നഗറിലേക്ക് പ്രവേശിക്കുന്ന റോഡിൽ രാപ്പകൽ പരസ്യ മദ്യപാനവും ലഹരി കൈമാറ്റവും നടക്കുന്നതായി നാട്ടുകാർ പറയുന്നു. കൂട്ടം ചേർന്നുള്ള മദ്യപാനത്തിനിടെയുള്ള തർക്കം പലപ്പോഴും അടിയിൽ കലാശിക്കുന്നത് സ്‌ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടാക്കുന്നുണ്ട്. ഡ്രൈ ഡേകളിൽ ഇവിടം കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പനയുണ്ടെന്നും കാവനാട് സെൻട്രൽ നഗർ റസിഡന്റസ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്ക് പുറമേ പ്രദേശവാസി​കളായ ചി​ലരും ഇവിടെ തമ്പടിക്കുന്നുണ്ട്. കുട്ടികളെ സ്‌കൂളിലേക്ക് തനിയെ അയയ്ക്കാൻ രക്ഷിതാക്കൾ ഭയപ്പെടുന്ന അവസ്ഥയാണ്. ശക്തികുളങ്ങര പൊലീസ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.