തൊടിയൂർ: ഒരു വർഷത്തിനിടെ രണ്ടു യുവാക്കളുടെ ജീവൻ കവർന്നെടുത്ത പൊതുമരാമത്ത് റോഡരികിലെ അപകടകരമായ മാവ് മുറിച്ചു നീക്കി. ഡ്രൈവർ ജംഗ്ഷൻ - എ.വി.എച്ച്.എസ് ജംഗ്ഷൻ റോഡിൽ, ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിന് സമീപത്തെ വളവിൽ നിന്നിരുന്ന മാവാണ് കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയത്.
തുടർക്കഥയായ അപകടം
സമീപകാലത്ത് ഉണ്ടായ രണ്ട് അപകടങ്ങളിലായി കല്ലേലിഭാഗം സ്വദേശികളായ രണ്ടു യുവാക്കളാണ് ഈ ഭാഗത്ത് മരണപ്പെട്ടത്. രാത്രി സമയങ്ങളിൽ റോഡിലെ വളവ് വ്യക്തമായി തിരിച്ചറിയാനാവാതെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മാവിൽ ഇടിച്ചു കയറുകയായിരുന്നു. ആദ്യ അപകടം നടന്നതിന് പിന്നാലെ തന്നെ അപകടകരമായ നിലയിലുള്ള മാവ് മുറിച്ചു മാറ്റണമെന്ന ആവശ്യം നാട്ടുകാർ ശക്തമായി ഉയർത്തിയിരുന്നു.
അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ
മാവ് മുറിച്ചു മാറ്റിയെങ്കിലും, അപകടം പതിയിരിക്കുന്ന ഈ വളവിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും വ്യക്തമായി തിരിച്ചറിയുന്നതിനുള്ള അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കേണ്ടതുണ്ട്.
നിലവിൽ, ഈ ഭാഗത്തെ റോഡ് തകർന്ന നിലയിലായതിനാൽ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. എത്രയും വേഗം റോഡിന്റെ പണി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു നൽകണമെന്നും നാട്ടുകാർ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.