കൊല്ലം: റഫ്രിജറേറ്റർ സംവിധാനമുള്ള റീഫർ കണ്ടെയ്നറുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം കൊല്ലം പോർട്ടിൽ ആരംഭിക്കാൻ ആലോചന. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കയറ്റുമതി ചെയ്യാനുള്ള ചരക്കുകൾ സംഭരിച്ച് കണ്ടെയ്നറുകളിൽ നിറയ്ക്കുന്ന കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ സർവീസ് സ്റ്റേഷൻ കൊല്ലം പോർട്ടിൽ തുടങ്ങാൻ ധാരണയായ ഏജൻസിയാണ് പുതിയ സൗകര്യത്തിന്റെ സാദ്ധ്യത തെരയുന്നത്.

നിലവിൽ കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് റീഫർ കണ്ടെയ്നറുകളുടെ അറ്റകുറ്റപ്പണി കേന്ദ്രമുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ വൻതോതിൽ ചരക്ക് ഇറങ്ങുന്നതോടെ റീഫർ കണ്ടെയ്നറുകളുടെ അറ്റകുറ്റപ്പണിക്കുള്ള സാദ്ധ്യത തെളിയുമെന്നാണ് പ്രതീക്ഷ. വിദേശ രാജ്യങ്ങളിൽ നിന്ന് ചരക്ക് കൊണ്ടുവരുന്ന റീഫർ കണ്ടെയ്നറുകളിൽ താപനില പരിശോധിച്ച് തകരാറില്ലെന്ന് ഉറപ്പാക്കിയ ശേഷമേ മടക്കച്ചരക്ക് നിറയ്ക്കൂ. കേടുപാട് കണ്ടെത്തുന്ന ബാർജുകൾ കൊല്ലത്തേക്ക് കൊണ്ടുവരാനാണ് ആലോചന. കണ്ടെയ്നറുകൾ സംഭരിക്കാൻ യാർഡും അറ്റക്കുറപ്പണി കേന്ദ്രത്തിനായി ഗോഡൗണും നിശ്ചിത വാടകയ്ക്ക് വിട്ടുനൽകും. കരാർ ഏജൻസിയാകും അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുക.

സ്വകാര്യ ഏജൻസി രംഗത്ത്
 റീഫർ കണ്ടെയ്നറുകളുടെ സ്ഥിരത പ്രധാനം

 ലോഡിംഗ്, അൺലോഡിംഗ് പ്രക്രിയയിൽ കേടുപാട് വരാം
 ചെറിയ കേടുപാട് പോലും ചരക്കുകളെ ബാധിക്കും
 ഇൻഷ്വറൻസ് കമ്പനികൾ പരിശോധന നിർദ്ദേശിക്കും
 ഭക്ഷ്യവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയവ നിറയ്ക്കും

വെയർഹൗസ് വിസ്തീർണം

1450 ചതുരശ്ര മീറ്റർ


പ്രതിദിന വാടക

ഒരു ചതുരശ്ര മീറ്ററിന് 25 രൂപ


യാർഡ്

16000 ചതുരശ്ര മീറ്റർ

ഒരു ചതുരശ്ര മീറ്ററിന്

60 രൂപ ആഴ്ച വാടക

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കൂടുതൽ സജീവമാകുന്നതോടെ റീഫർ കണ്ടെയ്നറുകളുടെ അറ്റകുറ്റപ്പണിയുടെ സാദ്ധ്യത വർദ്ധിക്കും. സ്വകാര്യ ഏജൻസിയുമായി ചർച്ച നടക്കുകയാണ്.

എൻ.എസ്. പിള്ള

ചെയർമാൻ, കേരള മാരിടൈം ബോർഡ്