കൊല്ലം: പുനലൂരിൽ നിന്ന് കൊല്ലത്തേയ്ക്ക് രാവിലെ ആദ്യത്തെ ട്രെയിൻ പോയിക്കഴിഞ്ഞാൽ അടുത്ത ട്രെയിനായി കാത്തിരിക്കേണ്ടത് ഒൻപത് മണിക്കൂർ. റെയിൽവേയുടെ വിചിത്ര നടപടിയിൽ മാറ്റം വരുത്താൻ ജനപ്രതിനിധികളോ റെയിൽവേ അധികൃതരോ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. രാവിലെ 9നും വൈകിട്ട 5നും മദ്ധ്യേ റൂട്ടിൽ കുറഞ്ഞത് രണ്ട് പാസഞ്ചർ ട്രെയിനുകളെങ്കിലും വേണമെന്നാണ് ആവശ്യം.

പുനലൂരിൽ നിന്ന് രാവിലെ 8.10 നാണ് കൊല്ലത്തേയ്ക്കുള്ള മെമു ട്രെയിൻ പുറപ്പെടുന്നത്. അതുകഴിഞ്ഞാൽ കൊല്ലം ഭാഗത്തേയ്ക്ക് ട്രെയിനുള്ളത് വൈകിട്ട് 5.25നാണ്. രാവിലെ 8.10ന് ശേഷം പുനലൂർക്കാർക്ക് കൊല്ലത്തിന് പോകണമെങ്കിൽ കെ.എസ്‌.ആർ.ടി.സി ബസുകൾ മാത്രമാണ് ആശ്രയം. പുനലൂരിൽ നിന്ന് കൊല്ലത്തേയ്ക്ക് നേരിട്ട് സർവീസ് കുറവാണ്. കൊട്ടാരക്കര വരെയുള്ള സമാന്തര സർവീസിനെയാണ് ആളുകൾ ആശ്രയിക്കുന്നത്. കൊട്ടാരക്കരയിലെത്തി അവിടെ നിന്ന് അടുത്ത ബസിൽ വേണം കൊല്ലത്തെത്താൻ.

മധുരയിൽ നിന്ന് കൊല്ലം വഴി പുനലൂർക്കുള്ള ട്രെയിൻ രാവിലെ 9.55 നാണ് പുനലൂരിലെത്തുന്നത്. പിന്നീട് ഈ വണ്ടി വൈകിട്ട് 5.25 നാണ് തിരികെ പോകുന്നത്. അത്രയും സമയം ട്രെയിൻ പുനലൂരിൽ തന്നെ കിടക്കും. പുനലൂരിനും കൊല്ലത്തിനും മദ്ധ്യേ രണ്ട് തവണ സർവീസ് നടത്താൻ ആവശ്യത്തിലധികം സമയമുണ്ടായിട്ടും ക്ലീനിംഗും വെള്ളം നിറയ്ക്കലും മാത്രമാണ് ഈ ട്രെയിനിൽ നടക്കുന്നത്. രാവിലെ 10.30ന് പുനലൂരിൽ നിന്ന് പുറപ്പെട്ട് കൊല്ലത്തെത്തി തിരികെ പുനലൂരിന് സർവീസ് നടത്തിയാൽ ഇപ്പോഴത്തെ യാത്രാ ക്ലേശത്തിന് പരിഹാരമാകും.

ഇത് നടപ്പാക്കിയാൽ റൂട്ടിൽ പുതുതായി ഒരു ട്രെയിൻ ഏർപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാൽ യാത്രക്കാരുടെ ഈ ആവശ്യത്തോട് റെയിൽവേ അധികൃതർ മൗനം പാലിക്കുകയാണ്. രാത്രിയിലും ഇത് തന്നെയാണ് സ്ഥിതി. കൊല്ലത്ത് നിന്ന് 6.45 ന്റെ കന്യാകുമാരി-പുനലൂർ പാസഞ്ചർ ട്രെയിൻ പോയിക്കഴിഞ്ഞാൽ പിന്നീട് രാത്രി 11.15 ന്റെ പലരുവി എക്സ്‌പ്രസ്‌ മാത്രമാണ് ഏക ആശ്രയം.

സർവീസ് നടത്താൻ മടി

 10.20 ന്റെ നാഗർകോവിൽ-കൊല്ലം പാസഞ്ചർ ട്രെയിൻ പുനലൂർ വരെ ദീർഘിപ്പിക്കണം

 തിരികെ സർവീസ് നടത്തിയാൽ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യും

 ശുചീകരണവും വെള്ളം നിറയ്ക്കലും നടത്തി തിരികെവരാൻ വണ്ടിക്ക് ആവശ്യത്തിലേറെ സമയം

 ചെന്നൈ-എഗ്‌മോറിൽ നിന്ന് കൊല്ലത്ത് രാവിലെ 11.05 ന് എത്തുന്ന അനന്തപുരി സൂപ്പർ ഫാസ്റ്റ് എകസ്‌പ്രസ് പുനലൂർ വരെ ദീർഘിപ്പിക്കണം

 ഈ ട്രെയിനുകൾ അവിടെ നിന്ന് യാത്ര തിരിച്ചാൽ യാത്രക്കാർക്ക് പ്രയോജനം

 റെയിൽവേയുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധന

കൊല്ലം-പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്നതിന് രണ്ട് ട്രയിനുകളുടെ പ്രൊപ്പോസൽ ബോർഡിന് മുന്നിൽ വച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ അനുമതി കിട്ടിക്കഴിഞ്ഞാൽ നടപടികൾ വേഗത്തിലാക്കും.

എൻ.കെ. പ്രേമചന്ദ്രൻ എം.പി