കൊല്ലം: ലോക്കോ പൈലറ്റ് വേണ്ട, നിശ്ചിത ഇടവേളകളിൽ കൃത്യമായി സർവീസ് നടത്തും, അതും ഒറ്റബോഗിയിൽ!. സ്ഥലം നഷ്ടപ്പെടുത്താതെ നാഷണൽ ഹൈവേ 66 ലെ ഡിവൈഡറുകൾ ഉപയോഗപ്പെടുത്തി ' കേരള സ്‌കൈ റെയിൽ' എന്ന ആശയമാണ് ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥികളായ അഗിയും ജോയലും അവതരിപ്പിച്ചത്. സുസ്ഥിരവികസനത്തിന്റെ പുത്തൻ ആശയത്തിന് ജില്ലാതലത്തിൽ ഒന്നാംസ്ഥാനവും ലഭിച്ചു.

ഉയരത്തിൽ സ്ഥാപിച്ച തൂണികളിലാണ് ട്രെയിനിന്റെ പാളങ്ങൾ വരുന്നത്. രാവിലെ സോളാർ എനർജിലാണ് ട്രെയിൻ പ്രവർത്തിക്കുന്നത്. രാത്രി സമയങ്ങളിൽ കെ.എസ്.ഇ.ബി കറന്റ് ഉപയോഗിക്കും. കാറ്റ് കൂടുതലുള്ള ഭാഗങ്ങളിൽ കാറ്റാടി യന്ത്രം സ്ഥാപിച്ച് കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സംവിധാനവും ' സുസ്ഥിര വികസനം ' കേരള സ്‌കൈ റെയിൽ' എന്ന പ്രോജക്ടിൽ ഇവർ ഉൾപ്പെടുത്തുന്നു.

ജി.പി.എസും എ.ഐയും ഉപയോഗിച്ചാണ് ട്രെയിനിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ഏറെ പ്രാധാന്യം ഉണ്ടായിട്ടും ഹൈസ്പീഡ് ട്രാൻസ്പോർട്ട് സിസ്റ്റം ഇല്ലാത്തതും നഗരങ്ങളിൽ പൂർണമായും സുസ്ഥിര വികസനം എത്താത്തതുമാണ് സോഷ്യൽ സയൻസ് മേളയുടെ ഹയർ സെക്കൻഡറി വിഭാഗം വർക്കിംഗ് മോഡലിൽ തങ്ങളുടെ പ്രോജക്ട് അവതരിപ്പിക്കാൻ കാരണമെന്നാണ് ഇരുവരും പറയുന്നത്. ഫോംഷീറ്റും സൈക്കിൾ ചെയിനുമാണ് മോഡ‌ലിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ഒന്നാം സ്ഥാനം നേടി പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും.