കൊല്ലം: തൊഴിൽ വകുപ്പിന് കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും വോൾവോ ഗ്രൂപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് 'വോൾവോ ഉരുക്കുവനിത' സ്ത്രീ ശാക്തീകരണ പദ്ധതി നടപ്പാക്കുന്നു. ചവറ ബ്ളോക്ക് പഞ്ചായത്തിൽ തിരഞ്ഞെടുക്കപ്പെട്ട 25 വനിതകൾക്ക് എക്സവേറ്റർ ഓപ്പറേറ്റർ പരിശീലനം നൽകുന്നതാണ് പദ്ധതി. ഇതിനായി യുവതികളെ തിരഞ്ഞെടുത്തു. എഴുപത് ദിവസം നീളുന്ന 420 മണിക്കൂർ പരിശീലനമാണ് നൽകുന്നത്. സിമുലേറ്റർ പഠനവും മെഷീനിൽ നേരിട്ടുള്ള പ്രയോഗവും തൊഴിലിട പരിശീലനവും നൽകുന്നു. പൂർണമായും സൗജന്യമാണ്. കേരളത്തിലെ ആദ്യ വനിതാ എക്സവേറ്റർ സംഘമാണ് ഇവിടെ നിന്ന് പരിശീലനം നേടുക. ഇവർക്ക് സംരംഭമാക്കി മാറ്റാനുള്ള മറ്റ് സഹായങ്ങളും ലഭ്യമാക്കും. പദ്ധതിയുടെ ഉദ്ഘാടനം 3ന് രാവിലെ 11.30ന് ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അദ്ധ്യക്ഷനാകും. ഐ.ഐ.ഐ.സി ഡയറക്ടർ പ്രൊഫ. ഡോ.ബി.സുനിൽകുമാർ, സി.പി.സുധീഷ് കുമാർ, എം.പി.സുരേഷ് ബാബു, തങ്കച്ചി പ്രഭാകരൻ, കെ.രാജീവൻ, പി.ശ്രീകല, എസ്.സിന്ധു, ഡെപ്യൂട്ടി ഡയറക്ടർ കെ.രാഘവൻ, ഡോ.എ.ആഷ്ഫാക് എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ ഐ.ഐ.ഐ.സി ഡയറക്ടർ പ്രൊഫ.ഡോ.ബി.സുനിൽകുമാർ,ഡെപ്യൂട്ടി ഡയറക്ടർ കെ.രാഘവൻ എന്നിവർ പങ്കെടുത്തു.