കൊട്ടാരക്കര: അനധികൃതമായി മണ്ണ് കടത്തിയ കേസിൽ പിടിച്ചെടുത്ത ടിപ്പർ ലോറി വിട്ടുകിട്ടുന്നതിന് ഹൈക്കോടതി ഉത്തരവിന്റെ വ്യാജ രേഖ ചമ്മച്ച കേസിൽ രണ്ടാം പ്രതിയെ വെറുതെ വിട്ടു. പാലക്കാട് ഒറ്റപ്പാലം സ്വദേശി താലടിക്കുന്നത്ത് രതീഷിനെയാണ് തെളിവില്ലെന്ന് കണ്ട് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി 2 വെറുതെ വിട്ടത്. പൂയപ്പള്ളി പൊലീസ് ചാർജ് ചെയ്ത കേസിലാണ് നടപടി.
2014 മാർച്ചിൽ മാതാ അമൃതാനന്ദമയി മഠത്തിലേക്ക് അനധികൃതമായി മണ്ണ് കടത്തിയ ടിപ്പർ വിട്ടുകിട്ടുന്നതിന് കേരള ഹൈക്കോടതി ഉത്തരവനുസരിച്ച് 25000 രൂപ തിരുത്തി കെട്ടിവയ്ക്കാൻ ഉത്തരവായത് 500 ആക്കി ട്രഷറിയിൽ പണമടച്ച് വണ്ടി റിലീസ് ചെയ്തെന്നാണ് കേസ്. ഒന്നാം പ്രതി പ്രസന്നകുമാർ എന്നയാളാണ് പാലക്കാട്, കണ്ണൂർ എന്നി വിടങ്ങളിൽ വണ്ടികളും ഡ്രൈവർമാരെയും വാടയ്ക്കെടുത്ത് അനധികൃതമായി മണ്ണ് അടിച്ചുവന്നത്. എന്നാൽ വ്യാജരേഖ ചമച്ചത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ അഡ്വ. അഡ്വ. എ.എം.അസീം,അഡ്വ. ആർ.രാം ബാബു, അഡ്വ. മൈലം ഗണേഷ് എന്നിവർ ഹാജരായി.