പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം,പുനലൂർ യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9ന് പുനലൂരിലെ വാളക്കോട് ഏരീസ് കൺവെൻഷൻ സെന്ററിൽ ശാഖ തല നേതൃത്വ സംഗമം നടക്കും. ഇരു യൂണിയനുകളിൽ നിന്നും 4,000ത്തിൽ അധികം ശാഖ ഭാരവാഹികളും പോഷക സംഘടന നേതാക്കളും പ്രവർത്തകരും പങ്കെടുക്കും. ഒരു ശാഖയിൽ നിന്ന് 20ൽ അധികം പേർ പങ്കെടുക്കും.പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖ യോഗങ്ങളിൽ നിന്ന് 2,200 ഓളം ഭാരവാഹികളും പത്തനാപുരം യൂണിയൻ അതിർത്തിയിലെ ശാഖ യോഗങ്ങളിൽ നിന്ന് 1,800ൽ അധികം ഭാരവാഹികളും സംഗമത്തിൽ അണിനിരക്കും. ശാഖ തലങ്ങളിൽ സംഘടനയെ ശക്തമാക്കാനും വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ സമുദായത്തിന് അർഹമായ പ്രാധിനിത്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നേടേശൻ നേരിട്ടാണ് നേതൃത്വ സംഗമം വിളിച്ച് ചേർത്തിട്ടുളളതെന്ന് പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ,പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട്.കെ.ഷാജി,പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, പത്തനാപുരം യൂണിയൻ സെക്രട്ടറി ബി.ബിജു, പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ് എന്നിവർ അറിയിച്ചു.കഴിഞ്ഞ 30 വർഷം ജനറൽ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളി നടേശനെ ചടങ്ങിൽ ആദരിക്കും. വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന നേതൃത്വ സംഗമത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടന വിശദീകരണം നടത്തും. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടന സന്ദേശം നൽകും. പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് സ്വാഗതവും, പത്തനാപുരം യൂണിയൻ സെക്രട്ടറി ബി.ബിജു നന്ദിയും പറയും.പുനലൂർ യൂണിയൻ പ്രിസിഡന്റ് ടി.കെ.സുന്ദരേശൻ , പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട്, കെ.ഷാജി തുടങ്ങിയ രണ്ട് യൂണിയനുകളിലെയും നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.