
കൊല്ലം: കനത്ത മഴയെന്ന പ്രവചനവും യെല്ലോ അലർട്ട് പ്രഖ്യാപനവും മുടങ്ങാതെ വരുമ്പോഴും ആവശ്യത്തിന് മഴ കിട്ടാതെ തുലാവർഷം തുടക്കത്തിലേ ചതിച്ചു. തകർത്ത് പെയ്തിട്ടും ജില്ലയിൽ 26 ശതമാനം മഴയുടെ കുറവ് ഉണ്ടായതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്.
ഇന്നലെ വരെ ലഭിച്ച മഴയുടെ അളവാണിത്. ഒക്ടോബർ 1 മുതൽ ഇന്നലെ വരെ 377.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 279.6 മില്ലി മീറ്റർ മഴ മാത്രമാണ് പെയ്തിറങ്ങിയത്. വൈകുന്നേരങ്ങളിൽ മഴ പെയ്യുമെങ്കിലും പകൽ സമയത്തെ ചൂടിന് ഒട്ടും കുറവില്ല. വരുന്ന അഞ്ച് ദിവസം ജില്ലയിലുൾപ്പെടെ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ചാറ്റൽ മഴയ്ക്ക് മാത്രമാണ് സാദ്ധ്യത. കൊല്ലത്തെ കൂടാതെ മഴ കൂടുതൽ ലഭിച്ച ജില്ലകളെ താരതമ്യം ചെയ്യുമ്പോൾ കുറവ് മഴയാണ് പത്തനംതിട്ട, മലപ്പുറം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മാസം കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കഴിഞ്ഞ വർഷത്തെ തനിയാവർത്തനം
കഴിഞ്ഞ തുലാവർഷത്തിലും ജില്ലയിൽ 21 ശതമാനം മഴയുടെ കുറവ്
628.2 മില്ലി മീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 498.7 മില്ലി മീറ്റർ
എന്നാൽ കഴിഞ്ഞ ജൂൺ ഒന്ന് മുതൽ സെപ്തംബർ 30 വരെ സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചു
20 മുതൽ 59 ശതമാനം വരെ മഴ കുറയുമ്പോഴാണ് മഴക്കുറവായി കണക്കാക്കുന്നത്
ഒക്ടോബർ 1 മുതൽ ഇന്നലെ വരെ
ലഭിച്ച മഴ: 279.6 മില്ലി മീറ്റർ
ലഭിക്കേണ്ടത്: 377.7 മില്ലി മീറ്റർ
മഴക്കുറവ്: 26 %
നിലവിലെ ലാനിന സാഹചര്യം നവംബർ, ഡിസംബർ മാസത്തിലും തുടരും.
കാലാവസ്ഥാ വകുപ്പ് അധികൃതർ