photo

പത്തനാപുരം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഈഴവർ അർഹതപ്പെട്ട സീറ്റുകൾ കണക്കുപറഞ്ഞ് വാങ്ങിയെടുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്തനാപുരം, പുനലൂർ യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ വാളക്കോട് ഏരീസ് കൺവെൻഷൻ സെന്ററിൽ നടത്തിയ ശാഖാതല നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്ലീം, ക്രിസ്ത്യൻ, നായർ സമുദായാംഗങ്ങൾ ജാതി പറഞ്ഞ് സീറ്റ് നേടുമ്പോൾ നമുക്ക് ജാതി പറയാൻ നാണമാണ്. എന്നും നമ്മൾ അടിമകളാണെന്ന് ധരിക്കരുത്. മുസ്ലീം ലീഗിന്റെ ഒരു നേതാവ് താൻ ജാതിഭ്രാന്തനാണെന്ന് പറഞ്ഞുനടക്കുകയാണ്. മുസ്ലീം സമുദായങ്ങളും ഓടിനടന്ന് തന്നെ അക്രമിക്കുന്നു. ഇവിടെ സാമൂഹിക നീതിയില്ല. സമുദായ നീതിയാണുള്ളത്. എല്ലാ സമുദായങ്ങൾക്കും അർഹതപ്പെട്ടത് ലഭ്യമാക്കണം.

ന്യൂനപക്ഷത്തിന്റെ പേരിൽ ഇവർ സർക്കാർ ഖജനാവിൽ നിന്ന് കോടികളാണ് നേടിയെടുക്കുന്നത്. മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടം പോലും ഈഴവ സമുദായത്തിന് ലഭിച്ചിട്ടില്ലെന്നത് സങ്കടകരമാണ്. ഒരു സമുദായത്തെയും ഞാൻ ആക്ഷേപിച്ചിട്ടില്ല. അവർക്ക് മലപ്പുറത്ത് മാത്രം 18 വിദ്യാലയങ്ങളുണ്ട്. ഇതിൽ ഏറെയും സമ്പന്നനായ ഒരു വ്യക്തിക്കാണ് നൽകിയിരിക്കുന്നത്. ഇവിടുത്തെ ജീവനക്കാർക്ക് സർക്കാരാണ് ശമ്പളം നൽകുന്നത്. ഇത് തുറന്നുപറഞ്ഞ എന്നെ കൊല്ലാൻ വന്നു. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ എല്ലാം സാധിച്ചുതരുമെന്ന് അന്ന് പറഞ്ഞുരുന്നെങ്കിലും ഭരണം ലഭിച്ചപ്പോൾ അവർ ഒന്നും നൽകിയില്ല. ഇടത് സർക്കാർ ക്ഷേമ പെൻഷൻ വർദ്ധിച്ച് പാവപ്പെട്ടവർക്ക് കൈനിറയെ പണം നൽകുകയാണ്. നിയമസഭയിൽ ചട്ടങ്ങളുണ്ടാക്കി നമ്മളെ തകർക്കുകയാണ്. അത് തിരിച്ചറിയണം. നമുക്ക് കൂട്ടായി നിന്ന് അർഹതപ്പെട്ടത് നേടിയെടുക്കണം. ഇടത് - വലത് മുന്നണികൾ മാറി മാറി അധികാരത്തിൽ വന്നാലും നമുക്ക് ഒന്നും തരില്ല. നമുക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ല. ഞാൻ എന്തെങ്കിലും പറഞ്ഞാൽ വർഗീയവാദിയാണെന്ന് അവർ പറയും. മരണത്തിൽ എനിക്ക് ഒട്ടും ഭയമില്ല. എന്റെ ജീവനുള്ളകാലം വരെയും ഞാൻ ഈഴവന് വേണ്ടി വാദിക്കും. നമ്മളെ തോണ്ടാൻ വരുന്നവരെ തിരിച്ച് തോണ്ടി ശക്തി തെളിയിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിറഞ്ഞുകവിഞ്ഞ് ശ്രീനാരായണീയർ

അയ്യായിരത്തിലധികം ശ്രീനായാണീയരെ കൊണ്ട് കൺവെൻഷൻ സെന്ററും ഗ്രൗണ്ടും നിറഞ്ഞുകവിഞ്ഞിരുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകി. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി തുടങ്ങിയവർ സംസാരിച്ചു. പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് സ്വാഗതവും പത്തനാപുരം യൂണിയൻ സെക്രട്ടറി ബി.ബിജു നന്ദിയും പറഞ്ഞു. ഇരു യൂണിയനുകളുടെയും നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായും 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ഉപഹാരം നൽകി. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, പത്തനാപുരം യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ, യോഗം ഡയറക്ടർമാരായ എൻ.സതീഷ് കുമാർ, പിറവന്തൂർ ഗോപാലകൃഷ്ണൻ, ജി.ബൈജു. എം.എം.രാജേന്ദ്രൻ, യോഗം കൗൺസിലർമാരായ പി.സുന്ദരൻ, പച്ചയിൽ സന്ദീപ് തുടങ്ങിയ നേതാക്കൾക്ക് പുറമെ രണ്ട് യൂണിയനുകളിലെയും കൗൺസിലർമാർ, യൂത്ത് മൂവ്മെന്റ്, വനിതാസംഘം യൂണിയൻതല ഭാരവാഹികളും പങ്കെടുത്തു.