photo

കൊല്ലം: പതിനായിരങ്ങൾക്ക് വിജ്ഞാന വെളിച്ചം പകർന്ന കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിന് 75 വയസ്. ഒരാണ്ട് നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഇന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്ക രൂപതയായ കൊല്ലം രൂപതയുടെ മെത്രാൻ ദൈവദാസൻ ബിഷപ്പ് ജെറോം.എം.ഫെർണാണ്ടസാണ് 1951ൽ കോളേജ് സ്ഥാപിച്ചത്.

ഫസ്റ്റ് ഗ്രേഡ് കോളേജായിട്ടാണ് പ്രവർത്തനം തുടങ്ങിയത്. ഇന്ന് നാക് റീ അക്രഡിറ്റേഷനോടുകൂടി സ്വയംഭരണ പദവിയിൽ എത്തി നിൽക്കുന്നു. എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ് വിഭാഗങ്ങളിൽ ബിരുദ- ബുരുദാനന്തര, ഗവേഷണ കോഴ്സുകളിലായി 150 അദ്ധ്യാപകരും 3000 വിദ്യാർത്ഥികളും 80 അനദ്ധ്യാപകരുമുള്ള തലയെടുപ്പുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്. 2014ലാണ് സ്വയംഭരണ പദവി ലഭിച്ചത്.

20 ബിരുദ കോഴ്സുകളും 10 ബിരുദാനന്തര കോഴ്സുകളും മൂന്ന് ഗവേഷണ കോഴ്സുകളും എയ്ഡഡ് സെൽഫ് ഫിനാൻസിംഗ് വിഭാഗങ്ങളിലായി നടത്തിവരുന്ന ജില്ലയിലെ ആദ്യത്തെ ഓട്ടോണമസ് കോളേജുമാണ്. ഫാത്തിമ സിവിൽ സർവീസ് അക്കാഡമി, ഫാത്തിമ സ്കൂൾ ഒഫ് ഫോറിൻ ലാംഗ്വേജസ്, ഫാത്തിമ സ്കൂൾ ഒഫ് മ്യൂസിക്, സി.ഡിറ്റ് കോഴ്സുകൾ എന്നിവയും ഒപ്പം ചേർന്ന് പ്രവർത്തിക്കുന്നു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കൊല്ലത്തെ പ്രധാന പഠനകേന്ദ്രവുമാണ്. ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ശീതീകരിച്ച വിപുലമായ ലൈബ്രറിയാണ് മറ്റൊരു സവിശേഷത.

കൊല്ലത്തിന്റെ 'മാസ്റ്റർ പീസ്'

"ഐ ആം എഡ്വേ‌ർഡ് ലിവിംഗ്സ്റ്റൺ' ഫാത്തിമ മാതാ നാഷണൽ കോളേജിലെ ക്ളാസ് മുറിയിൽ മെഗാസ്റ്റാർ മമ്മൂട്ടിയെത്തി സ്വയം പരിചയപ്പെടുത്തുന്ന സീൻ മറക്കില്ല. 2017ലാണ് 'മാസ്റ്റർ പീസ്' സിനിമ കാമ്പസിൽ ഷൂട്ട് ചെയ്തത്. കാമ്പസ് സ്റ്റോറിയിലൂടെ കടന്ന് ത്രില്ലടിപ്പിച്ച സിനിമ ഹിറ്റായിരുന്നു. കോളേജിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന് ഇന്ന് തുടക്കമിടുമ്പോൾ പഴയകാല ചരിത്രങ്ങളടക്കം ഒരുപാടുപേരുടെ മനസുകളിൽ നിറയുകയാണ്. പൂർവ വിദ്യാർത്ഥികളായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എൻ.കെ.പ്രേമചന്ദ്രൻ എം.പിയും എം.എൽ.എമാരായ എം.നൗഷാദും ഡോ.സുജിത്ത് വിജയൻ പിള്ളയുമടക്കം ഇന്ന് വാർഷികാഘോഷ ചടങ്ങിൽ അതിഥികളായെത്തും.

ഉദ്ഘാടനം ഉപരാഷ്ട്രപതി

കോളേജിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം ഇന്ന് ഉച്ചയ്ക്ക് ശേഷം 2.50ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ.ബാലഗോപാൽ, കാെല്ലം രൂപത ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി എന്നിവർ മുഖ്യാതിഥികളാകും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സിന്ധ്യ കാതറിൻ മൈക്കിൾ സ്വാഗതവും മാനേജർ റവ. അഭിലാഷ് ഗ്രിഗറി നന്ദിയും പറയും.