ഓച്ചിറ: ഓച്ചിറ ടൗണിൽ ദിവസേന എത്തിച്ചേരുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും ഒരിടമില്ലാത്ത ദുരവസ്ഥയ്ക്ക് പരിഹാരമാകുന്നു. ടൗൺ മൈതാനത്തുനിന്നും പഞ്ചായത്തിന് കൈമാറി കിട്ടിയ പത്ത് സെന്റ് സ്ഥലത്ത് 'ടേക്ക് എ ബ്രേക്ക്' പദ്ധതി യാഥാ‌ർത്ഥ്യമാകുന്നു. സി.ആർ. മഹേഷ് എം.എൽ.എയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം. അതോടെ കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ശുചിമുറിയുടെ ശോചനീയാവസ്ഥ കാരണം പൊറുതിമുട്ടിയ പൊതുജനങ്ങൾക്കും ആശ്വാസമാകും.

ഈ പദ്ധതിയിൽ ഭിന്നശേഷിക്കാർക്കുള്ള രണ്ട് ടോയ്‌ലറ്റുകൾ അടക്കം 12 ടോയ്‌ലറ്റുകളും യാത്രക്കാർക്ക് വിശ്രമമുറിയും കുടുംബശ്രീ യൂണിറ്റ് നടത്തുന്ന കോഫി ഷോപ്പും ഉൾപ്പെടും. പദ്ധതിയുടെ പരിപാലന ചുമതല ഓച്ചിറ ഗ്രാമപഞ്ചായത്തിനാണ് . പദ്ധതിയുടെ ശിലാസ്ഥാപനം ഇന്ന് രാവിലെ 8ന് സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കും. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ സ്വാഗതം പറയും. ജില്ലാ പഞ്ചായത്തംഗം ഗേളി ഷണ്മുഖൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ലത്തീഫ ബീവി, ആർ.ഡി.പത്മകുമാർ, ശ്രീലത പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയ ഷെറിൻ തുടങ്ങിയവ‌ർ പങ്കെടുക്കും.