
പത്തനാപുരം: രാജ്യത്ത് ഒരേയൊരു കമ്പനിയേയുള്ളു, അത് എസ്.എൻ.ഡി.പി യോഗമാണെന്നും 36ലക്ഷം അംഗങ്ങളുള്ള ഒരു കമ്പനി ഇന്ത്യയിൽ മാത്രമാണെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പത്തനാപുരം, പുനലൂർ യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ വാളക്കോട് നടന്ന ശാഖാതല നേതൃത്വ സംഗമത്തിൽ സംഘടന വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു വലിയ കൂട്ടായ്മയാണ് എസ്.എൻ.ഡി.പി യോഗം. യോഗം തകരണമെന്നാണ് ഇവിടുത്തെ രാഷ്ട്രീയ കക്ഷികളും മറ്റ് സമുദായങ്ങളും ആഗ്രഹിക്കുന്നത്. ചില സംഘടിത ജാതി സംഘടനകൾ നമ്മളെ ജീവിക്കാൻ അനുവദിക്കുന്നില്ല. തങ്ങളുടെ ഔദാര്യം കൊണ്ടാണ് നിങ്ങൾ ജീവിക്കുന്നതെന്ന മുദ്രാവാക്യമാണ് ഇവർ വിളിക്കുന്നത്. നമ്മൾക്ക് ജീവിക്കണമെങ്കിൽ ഒറ്റക്കെട്ടായി നിൽക്കണം.
യോഗത്തിന്റെ നിയന്ത്രണത്തിൽ അരലക്ഷം മൈക്രോഫിനാൻസ് ഗ്രൂപ്പുകളുണ്ട്. ഇവർക്ക് 15,000 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. ഇതിൽ ചില യൂണിയനുകൾ വായ്പയായി നൽകിയ തുക വകമാറ്റി ചെലവഴിച്ചു. പല യൂണിയനുകളിലും പ്രശ്നങ്ങളുമുണ്ട്. എന്നാൽ ഒരു കേസും ഒരുവിഷയവും ഇല്ലാതെയാണ് മൈക്രോ ഫിനാൻസ് ഗ്രൂപ്പുകളുടെ പേരിൽ ചിലർ സോഷ്യൽ മീഡിയകളിൽ കള്ളപ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.