o
ഫോട്ടോ: കുറ്റിവട്ടം - തേവലക്കര റോഡിൽ പടിഞ്ഞാറ്റേക്കര പൈപ്പ് ജംഗ്ഷൻ സപ്ലൈകോയുടെ മാവേലി സ്റ്റോറിന് മുന്നിലെ മൂടിയില്ലാത്ത ഓട

ചവറ : കുറ്റിവട്ടം - തേവലക്കര പൊതുമരാമത്ത് വിഭാഗം റോഡിൽ പടിഞ്ഞാറ്റേക്കര പൈപ്പ് ജംഗ്ഷനിലെ മാവേലി സ്റ്റോറിന് മുന്നിലെ മൂടിയില്ലാത്ത ഓട പ്രദേശവാസികൾക്കും ഉപഭോക്താക്കൾക്കും അപകടഭീഷണിയാകുന്നു. സാധനം വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി ഇവിടെയെത്തുന്ന സ്ത്രീകളും വയോധികരും ഉൾപ്പെടെയുള്ളവർക്ക് ഓട വലിയ അപകടക്കെണിയാണ് ഒരുക്കുന്നത്.

അടിയന്തര നടപടി വേണം

തിരക്കേറിയ പ്രധാന പാതയായ ഇതുവഴി വരുന്ന ഇരുചക്ര വാഹന യാത്രികർ ഓടയിൽ വീണ് അപകടം സംഭവിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്. ഇതിനോടകം തന്നെ ഓടയിൽ വീണ് നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ, ഇതേ റോഡിൽ മറ്റ് പലയിടത്തും ഓടക്ക് സ്ലാബ് സ്ഥാപിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ അപകടക്കെണി ഒഴിവാക്കുന്നതിനുള്ള യാതൊരു നടപടിയും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് മാവേലി സ്റ്റോറിലെത്തുന്ന ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.