
കൊല്ലം: സിദ്ധാർത്ഥ ഫൗണ്ടേഷന്റെ നവം സാംസ്കാരിക ഉത്സവത്തിന്റെ നാലാം എഡിഷൻ പി.സി.വിഷ്ണുനാഥ് എം.എൽ.എ മൺചെരാത് തെളിച്ച് ഉദ്ഘാടനം ചെയ്തു. നെടുമ്പന ഗ്രാമത്തിലെ പത്തിടങ്ങളിലായി 10 ദിവസം നീണ്ടുനിൽക്കുന്നതാണ് പരിപാടികൾ.
പഞ്ചായത്തിലെ 43 ക്ലബുകളും ലൈബ്രറികളും പഞ്ചായത്ത് ജനപ്രതിനിധികളും സ്വകാര്യ പ്രസ്ഥാനങ്ങളും അണിനിരക്കും.
250 ൽ അധികം കലാകാരന്മാരെ പങ്കെടുപ്പിച്ചുള്ള സാംസ്കാരിക ഉത്സവത്തിന്റെ ആദ്യ ദിനം പള്ളിമൺ സിദ്ധാർത്ഥ ക്യാമ്പസിൽ വർണാഭമായ ചടങ്ങുകളോടെ അരങ്ങേറി.
ഇതിന് മുന്നോടിയായി സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ അദ്ധ്യാപികമാർ മെഗാ തിരുവാതിര അവതരിപ്പിച്ചു. കലാഗ്രാമം ടീമിന്റെ കൈകൊട്ടിക്കളിയോടെ പരിപാടികൾ ആരംഭിച്ചു. പഞ്ചായത്തിലെ അഞ്ചുവർഷം പൂർത്തിയാക്കിയ ജനപ്രതിനിധികൾക്ക് സിദ്ധാർത്ഥ ഫൗണ്ടേഷന്റെ ആദരവ് സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം ഉണ്ണിക്കൃഷ്ണൻ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
കൂടാതെ 45 വർഷമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവച്ച ചാപ്റ്റർ പ്രസ്ഥാനത്തിന്റെ അമരക്കാരൻ ചാപ്റ്റർ മോഹനൻ സാറിന് ഫൗണ്ടേഷൻ പ്രത്യേക ആദരവ് നൽകി. പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങൾക്കും
സാരിയും മഴക്കോട്ടും നൽകി. തുടർന്ന് നൃത്തങ്ങളും കഥാപ്രസംഗങ്ങളും അരങ്ങേറി. മീയണ്ണൂർ, നല്ലില, പഴങ്ങാലം, പുലീല, പുത്തൻചന്ത, മുട്ടക്കാവ്, ശാസ്താംപൊയ്ക, വെളിച്ചിക്കാല, കുളപ്പാടം എന്നിവിടങ്ങളിലെ വേദികളിൽ പരിപാടികൾ അരങ്ങേറും.