പത്തനാപുരം: ഇടുക്കി വണ്ടൻമേട്ടിലെ ടി.എസ്. അളകേശന്റെയും സുബ്ബലക്ഷ്മിയുടെയും ഏകമകനായ പ്രകാശിനെ (28), അഞ്ചു വർഷമായി മരത്തിൽ നിന്നും വീണ് നടുവിന് സാരമായ പരിക്കേറ്റ് കിടപ്പിലായതിനെ തുടർന്ന് ഗാന്ധിഭവൻ ഏറ്റെടുത്തു. ഏഴാം ക്ലാസോടെ പഠനം നിറുത്തി കൂലിപ്പണിക്ക് പോയിത്തുടങ്ങിയ പ്രകാശ് മരംവെട്ട് ജോലി ചെയ്യുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അരയ്ക്ക് താഴെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ട പ്രകാശ് പ്രാഥമിക കാര്യങ്ങൾ പോലും പരസഹായത്തോടെ ചെയ്യേണ്ട സ്ഥിതിയിലായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കളിൽ ഒരാൾക്ക് മകനെ ശുശ്രൂഷിക്കാൻ വീട്ടിലിരിക്കേണ്ടി വന്നതോടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായി. ഈ ദയനീയാവസ്ഥ മനസിലാക്കിയ സുമനസുകളായ പൊതുപ്രവർത്തകരാണ് വിവരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനെ അറിയിച്ചത്. തുടർന്ന് പ്രകാശിന്റെ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ ഗാന്ധിഭവൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. മോഹനനും മെഡിക്കൽ സൂപ്രണ്ട് ബി. ശ്രീലതയും ചേർന്നുള്ള സംഘം പ്രകാശിനെ ഏറ്റെടുക്കുകയായിരുന്നു.