കൊല്ലം: പോളയത്തോട്ടിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ മെക്കനൈസ്ഡ് എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് സജ്ജം. പോളയത്തോട് ശ്മശാനത്തിന് സമീപം കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ആധുനിക സംവിധാനങ്ങളോടെയാണ് ജൈവമാലിന്യ സംസ്കരണ യൂണിറ്റ് പൂർത്തിയാക്കിയത്.
കേരള ശുചിത്വ മിഷൻ സർവിസ് പ്രോവൈഡറായ, കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് ഫാം ഇന്ത്യയാണ് പ്ലാന്റ് സ്ഥാപിച്ചു പ്രവർത്തിപ്പിക്കുന്നത്. ഡിസൈൻ ബിൽഡ് ഓപ്പറേറ്റ് മോഡലിലായിരുന്നു നിർമ്മാണം. വൈദ്യുതി മാത്രമാണ് ഇനി ലഭിക്കാനുള്ളത്. അടുത്ത ആഴ്ചയോടെ പ്ലാന്റ് പൂർണ പ്രവർത്തനസജ്ജമാകും. ജൈവമാലിന്യ സംസ്കരണം കൂടുതൽ വേഗത്തിലും ശാസ്ത്രീയമായും നിർവഹിക്കാനാകും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. സുരക്ഷ ക്യാമറ, അലാറം എന്നിവയും ഉണ്ടാകും.
ചുറ്റും മറച്ചതും ആധുനിക രീതിയിലുള്ളതും ശീതീകരിച്ചതുമായ പോർട്ടബിൾ കണ്ടെയ്നർ കാബിനുകളും അതിനുള്ളിൽ ജൈവമാലിന്യം സംസ്കരിക്കുന്ന യന്ത്രവും ആണ് യൂണിറ്റിന്റെ ഭാഗമായി സ്ഥാപിക്കുന്നത്. മാലിന്യ സംസ്കരണ യന്ത്രത്തിന് എട്ടര അടി നീളവും രണ്ടടി വീതിയും നാലടി ഉയരവുമുണ്ട്. മാലിന്യം സംസ്കരിക്കുമ്പോൾ ദുർഗന്ധമോ മലിനജലമോ പുറത്തേക്ക് വരില്ല എന്നതും പ്രത്യേകതയാണ്.
സർവീസ് ചാർജുണ്ട്
ലാന്റിലേക്കുള്ള മാലിന്യ ശേഖരണത്തിനായി രണ്ട് ഓട്ടോ റിക്ഷകളുണ്ടാവും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ളാന്റിലേക്ക് വീടുകൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ജൈവമാലിന്യങ്ങൾ ശേഖരിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിൽ 2 ജീവനക്കാരെയാണ് നിലവിൽ നിയോഗിച്ചിട്ടുള്ളത്. വേർതിരിച്ച് എത്തിക്കുന്ന ജൈവമാലിന്യം മാത്രമേ സ്വീകരിക്കുകയുള്ളൂ. പ്ളാന്റിലേക്ക് നേരിട്ടും എത്തിക്കാം. ഇങ്ങനെ എത്തിക്കുന്നതിനും വീടുകളിൽ എത്തി ശേഖരിക്കുന്നതിനും കിലോ ഗ്രാമിന് നിശ്ചിത തുക വെവ്വേറെ സർവീസ് ചാർജ് ഈടാക്കും.
..........................
പ്രവർത്തന സമയം: രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 10 വരെയും
തരംതിരിച്ച ജൈവ മാലിന്യങ്ങൾ ഈ സമയങ്ങളിൽ വ്യക്തികൾക്ക് നേരിട്ട് എത്തിക്കാം
നേരിട്ട് എത്തിക്കാൻ കഴിയാത്തവർക്ക് വാതിൽപ്പടി ശേഖരണ സൗകര്യവും ലഭ്യമാണ്.
പ്രതിദിനം 3 ടൺ ജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കി മാറ്റാനാവും