കൊല്ലം: കടപ്പാക്കട പോസ്റ്റ് ഓഫീസ് റോഡിൽ കാൽനട യാത്രപോലും ദുസഹമായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. കടപ്പാക്കട ജംഗ്ഷനിലേക്ക് മറ്റു വാർഡുകളെ ബന്ധിപ്പിക്കുന്നതും ഏറ്റവും കൂടുതൽ വാഹനങ്ങളും കാൽനട യാത്രികരും ആശ്രയിക്കുന്നതുമായ റോഡിനാണ് ഈ ദുരവസ്ഥ. മഴക്കാലത്ത് വെള്ളക്കെട്ടായി മാറുന്ന റോഡിന് ഇരുവശവുമായി നിരവധി വീടുകളാണുള്ളത്.
ഈ റോഡിലൂടെയുള്ള യാത്രാദുരിതം സംബന്ധിച്ച് കടപ്പാക്കട നിവാസികളും യാത്രക്കാരും വാർഡ് കൗൺസിലർക്കും കൊല്ലം കോർപ്പറേഷനിലും പല തവണ പരാതികൾ നൽകിയിരുന്നു. പക്ഷേ, യാതൊരു നടപടികളും ഇന്നേവരെ ഉണ്ടായിട്ടില്ല.
മഴക്കാലത്ത് കടപ്പാക്കട ജംഗ്ഷൻ ഭാഗത്ത് നിന്നുള്ള മുഴുവൻ വെള്ളവും ഈ റോഡിലൂടെ ഒഴുകുന്നതിനാൽ, ഇവിടത്തെ ചെറിയ കുഴികൾ പോലും ഗർത്തങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. റോഡിന്റെ നിലവിലെ അവസ്ഥ കാരണം രാത്രി യാത്രക്കാരാണ് ഏറെ വലയുന്നത്.
മഴക്കാലമായാൽ സ്കൂൾ കുട്ടികളും മുതിർന്നവരും ഉൾപ്പടെയുള്ള കാൽനടയാത്രക്കാർ ഏറെ പണിപ്പെട്ടാണ് ഇതുവഴി നടക്കുന്നത്. കടപ്പാക്കട പോസ്റ്റ് ഓഫീസ് റോഡ്, ആശ്രാമം, ഉളിയക്കോവിൽ എന്നിവിടങ്ങളിലേക്കുള്ള പ്രധാന ഗതാഗത മാർഗ്ഗമായതിനാൽ കടപ്പാക്കട അയ്യപ്പ ക്ഷേത്രത്തിലേക്കും കടപ്പാക്കട ജംഗ്ഷനിലേക്കും കടപ്പാക്കട മാർക്കറ്റിലേക്കും പോസ്റ്റ് ഓഫീസിലേക്കും ഉൾപ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാൽനട യാത്രികരും ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്.
റോഡിന്റെ നിലവിലെ അവസ്ഥ അതീവ ദയനീയവും അപകടകരവുമാണ്. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് നിറയെ കുഴികൾ രൂപപ്പെട്ട റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കണം
നാട്ടുകാർ