ഓച്ചിറ: ഓച്ചിറ ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പിൽ മുൻ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ ഉൾപ്പടെ കാര്യനിർവഹണ സമിതിയിലെ ഏഴുപേർ സമർപ്പിച്ച നാമനിർദ്ദേശ പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി ഹൈക്കോടതി ശരിവച്ചു. ഇതോടെ ഇവർക്ക് ഇത്തവണ മത്സരിക്കാൻ കഴിയില്ല. മുൻ ഭരണസമിതി സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറിയുമായ അഡ്വ. കെ.ഗോപിനാഥൻ (പുതുപ്പള്ളി തെക്ക് കര), മുൻ ഭരണസമിതി പ്രസിഡന്റ് തോട്ടത്തിൽ സത്യൻ (വയനകം കര), മുൻ ട്രഷറർ പ്രകാശൻ (വലിയഴീക്കൽ കര), മുൻ കാര്യനിർവഹണ സമിതി അംഗങ്ങളായിരുന്ന ഗോപാലകൃഷ്ണപിള്ള (പായിക്കുഴി), കെ.പി.ചന്ദ്രൻ (കാരാഴ്മ), രഖുനാഥപിള്ള (വാളാച്ചാൽ), ചൂനാട് വിജയൻപിള്ള (കടുവിങ്കൽ), മുൻ പ്രവർത്തക സമിതി അംഗം ദിനമോൻ (ചിറക്കടവ്) എന്നിവരുടെ നാമനിർദ്ദേശ പത്രികകളാണ് സൂക്ഷ്മപരിശോധന ഘട്ടത്തിൽ തള്ളിയത്.
നിലവിലെ ക്ഷേത്ര ബൈലോ അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരംഗത്തെ പൊതുഭരണ സമിതി, പ്രവർത്തക സമിതി, കാര്യനിർവഹണ സമിതി എന്നിങ്ങനെ ഏതെങ്കിലും ഒരു സമിതിയിൽ നിന്ന് അവിശ്വാസത്തിലൂടെ അയോഗ്യതപ്പെടുത്തിയാൽ പിന്നീട് വരുന്ന ക്ഷേത്ര പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത ഉണ്ടായിരിക്കില്. ഈ വ്യവസ്ഥ അനുസരിച്ചാണ് ഇവരുടെ നാമനിർദ്ദേശ പത്രിക തള്ളിയത്. 2019 ഏപ്രിൽ 18ന് എക്സിക്യുട്ടീവ് കമ്മിറ്റിയിൽ നിന്നും തുടർന്ന് 2019 ഡിസംബർ 26ന് പ്രവർത്തക സമിതിയിൽ നിന്നും ഇവർ ഉൾപ്പടെ പത്തുപേരേ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.
റിട്ടേണിംഗ് ഓഫീസറുടെ നടപടി ചോദ്യം ചെയ്ത് മുൻ സെക്രട്ടറി, പ്രസിഡന്റ് ഉൾപ്പടെ അഞ്ചുപേരാണ് ഹൈക്കോടതിയെ സമീപിച്ചത്. പുതിയ വിധിയുടെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ 10ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കമാണ് റിട്ടേണിംഗ് ഓഫീസർ നടത്തുന്നത്. നവംബർ 9 നാണ് പൊതുഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ്.