കണ്ണനല്ലൂർ: വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പൊളിച്ചു മാറ്റൽ നടക്കുന്ന കണ്ണനല്ലൂർ ജംഗ്ഷനിലൂടെ സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയും 11 വയസുള്ള മകളും സ്വകാര്യ ബസിനടയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇന്നലെ രാവിലെ 9 ന് സ്കൂളിലേക്ക് പോകവേ ആയിരുന്നു അപകടം. റോഡിൽ പൊളിച്ചിട്ടിരുന്ന ബീമിനും ബസിനും ഇടയിൽപ്പെട്ട സ്കൂട്ടറിൽ നിന്ന് വീണ ഇവർ പെട്ടന്നുതന്നെ എഴുന്നേറ്റ് മാറിയതോടെയാണ് ദുരന്തമൊഴിഞ്ഞത്. സെന്റ് ജൂഡ് സ്കൂളിലേക്ക് രാവിലെ കൊട്ടിയം റോഡ് വഴി മുഖത്തലയ്ക്ക് പോയ കാറ്റാടിമുക്ക് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടായില്ലെന്ന് കണ്ടയുടൻ ബസ് ജീവനക്കാർ വണ്ടിവിട്ടു പോവുകയും ചെയ്തു.
പൊളിക്കുന്ന ബീമുകൾ മാറ്റാതെ അവിടെത്തന്നെ ഇടുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇരുചക്ര വാഹന യാത്രികർ ഭയന്നാണ് ഇതുവഴി സഞ്ചരിക്കുന്നത്. വേണ്ടത്ര പൊലീസ് രാവിലെയും വൈകിട്ടും ടൗണിൽ ഇല്ലെന്ന പരാതിയുമുണ്ട്. അധികൃതർ സ്ഥലം സന്ദർശിച്ച് മാർഗനിർദശങ്ങൾ നൽകുന്നില്ലെന്നും നാട്ടുകാർ പറയുന്നു. പണി ഇഴഞ്ഞ് നീങ്ങുന്നത് നേരത്തെ പരാതിക്ക് ഇടയാക്കിയിരുന്നു. കാൽനട യാത്രയടക്കം ദുസ്സഹമാണ്. കണ്ണനല്ലൂർ മാർക്കറ്റിലും പരിസരത്തും ബസിൽ കയറാൻ എത്തുന്നവരും വലയുകയാണ്. വിഷയത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് നാട്ടുകാർ പറയുന്നു.