sd

കൊല്ലം: സംസ്ഥാനത്ത് ഈ വർഷം 50,000 കാലികളെ ഇൻഷ്വർ ചെയ്ത് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോസമൃദ്ധി ഇൻഷ്വറൻസ് പദ്ധതിയുടെയും കുലശേഖരപുരം മൃഗാശുപത്രിയുടെ നവീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർഹിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ധനവിഹിതമായി 22.83 കോടി രൂപയാണ് ഇൻഷ്വറൻസ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. അപകടങ്ങളിൽപ്പെടുന്ന കർഷകർക്ക് ചികിത്സാ ധനസഹായമായി അഞ്ച് ലക്ഷം രൂപ വരെ പുതിയ പദ്ധതിയിലൂടെ ലഭ്യമാക്കും. ആകസ്മിക നഷ്ടങ്ങളിൽ നിന്ന് കർഷകർക്ക് ആശ്വാസമേകാൻ പദ്ധതി മുഖേന കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

50 ലക്ഷം രൂപ ചെലവഴിച്ചാണ് മൃഗാശുപത്രി കെട്ടിടം നവീകരിച്ചത്. യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ഡെപ്യൂട്ടി മാനേജർ നിജ വിജയകുമാർ, ഇൻഷ്വറൻസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സുധീർ എന്നിവർ ധാരണപത്രം ഏറ്റുവാങ്ങി. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. നാസർ അദ്ധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, ജില്ലാ പഞ്ചായത്തംഗം വസന്ത രമേശ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം.സി.റെജിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ്.അബ്ദുൾ സലിം, പി.കെ.സാവിത്രി, രജിത രമേശ്, എസ്.അനിത, കെ.മുരളീധരൻ, എസ്.സുജിത്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻ കുമാർ, ഡോ. എസ്.ഗിരിധർ, വെറ്ററിനറി സർജൻ ഡോ. സൂര്യ, ഡോ. ടി.അഭിലാഷ് എന്നിവർ സംസാരിച്ചു.