photo

കൊല്ലം: ഐലൻഡ് എക്സ്‌പ്രസ് ട്രെയിനിൽ ഭിന്നശേഷിക്കാരന്റെ മുഖമടിച്ചു പൊട്ടിച്ച യുവാവിനെ പിടികൂടാനായില്ല. കായംകുളം താമരക്കുളം കിഴക്കേ വലിയത്ത് വീട്ടിൽ എം. നാസറിനാണ് (49) മർദ്ദനമേറ്റത്. മർദ്ദനത്തിൽ മൂക്കിന് പരിക്കേറ്റു. കണ്ണട പൊട്ടി. ഇന്നലെ രാവിലെ 10.10ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. പ്രതിയായ 27 വയസ് തോന്നിക്കുന്നയാൾ ശാസ്താംകോട്ട സ്റ്റേഷനിൽ നിറുത്താനായി ട്രെയിൻ വേഗത കുറച്ചപ്പോൾ ചാടി രക്ഷപ്പെട്ടു.

ആലുവയിലെ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്ന നാസർ ഭിന്നശേഷിക്കാരുടെ കമ്പാർട്ടുമെന്റിലാണ് യാത്ര ചെയ്തത്. നാസർ ടൊയ്‌ലെറ്റിൽ പോയി പുറത്തേക്കിറങ്ങുമ്പോൾ വാതിലിനു സമീപം നിന്നിരുന്ന യുവാവ് ഫോണിൽ ആരോടോ വഴക്ക് കൂടുകയായിരുന്നു. വഴി തടസപ്പെടുത്തി നിന്ന യുവാവിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് വലം കൈകൊണ്ട് മുഖത്ത് ആഞ്ഞടിച്ചത്. അടിയേറ്റ് നാസർ തറയിൽ വീണു.

നാസറിന്റെ നിലവിളികേട്ട് കമ്പാർട്ടുമെന്റിലുണ്ടായിരുന്ന അഞ്ച് ഭിന്നശേഷിക്കാർ എത്തിയെങ്കിലും അക്രമിയെ കീഴ്പ്പെടുത്താനായില്ല. നാസറിനെ വീണ്ടും അടിച്ച ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. നാസറിനെ പിന്നീട് ശാസ്താംകോട്ട ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം റെയിൽവേ പൊലീസ് കേസെടുത്തു.

 50 ശതമാനം ഭിന്നശേഷി

ജന്മനാ കാലുകൾക്കും കൈകൾക്കും 50 ശതമാനം ഭിന്നശേഷിയുള്ളയാളാണ് എം. നാസർ. ഫുട്പാത്ത് കച്ചവടക്കാർക്ക് സഹായിയായി നിന്നുള്ള ചെറിയ വരുമാനത്തിലാണ് ജീവിതം മുന്നോട്ടുപോകുന്നത്. ഭാര്യ: ലൈലാ ബീവി. രണ്ട് മക്കളുമുണ്ട്.

ഞാൻ മോനേ എന്നാണ് ആ പയ്യനെ വിളിച്ചത്. ഇത് ഭിന്നശേഷിക്കാരുടെ കമ്പാർട്ട്മെന്റാണ്. തടസം നിൽക്കരുതെന്ന് പറഞ്ഞപ്പോൾ മുഖത്ത് ആഞ്ഞടിച്ചു. പിന്നെ ഒന്നും ഓർമ്മയില്ല. രക്ഷിക്കാൻ വന്നവരും ഭിന്നശേഷിക്കാരായിരുന്നു.

എം.നാസർ