കൊട്ടാരക്കര: കോട്ടവട്ടം ഹൈസ്കൂളിൽ നടന്ന ഭക്ഷ്യമേള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമായി. ഫാസ്റ്റ് ഫുഡിലും പാക്കറ്റ് ഫുഡിലും ഏറെ താത്പ്പര്യം കാട്ടുന്ന പുതിയ തലമുറയെ പഴയകാല ആഹാരരീതികളും അതിലൂടെയുള്ള ആരോഗ്യ ഗുണങ്ങളും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. വിദ്യാർത്ഥികളും രക്ഷിതാക്കളും വീടുകളിൽ തയ്യാറാക്കിയ വിവിധ കിഴങ്ങു വർഗ്ഗങ്ങൾ കൊണ്ടുള്ള ഭക്ഷണം, അരിയിൽ ഉണ്ടാക്കിയ വിവിധ തരം നാടൻ വിഭവങ്ങൾ, മുളയരിപ്പായസം ഉൾപ്പെടെ വിവിധതരം പായസങ്ങൾ, ആരോഗ്യകരമായ രീതിയിൽ തയ്യാറാക്കിയ എണ്ണപ്പലഹാരങ്ങൾ തുടങ്ങി 200ൽ പരം ഭക്ഷ്യ വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. വാർഡ് മെമ്പർ കുഞ്ഞുമോൾ രാജൻ മേള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ. ശ്രീനാഥ് അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രഥമാദ്ധ്യാപകൻ ഗിരീഷ് ആമുഖ പ്രഭാഷണം നടത്തി.