train

കൊല്ലം: സുരക്ഷിത യാത്രയെന്ന് അവകാശപ്പെടുമ്പോഴും കൊല്ലത്തുകാർക്ക് ട്രെയിൻയാത്ര അത്ര സുരക്ഷിതമല്ല. ട്രെയിനുകളിലും റെയിൽവേയുടെ തന്നെ ആളൊഴിഞ്ഞ കെട്ടിടങ്ങളിലും അടുത്തകാലത്ത് നടന്നിട്ടുള്ള ആക്രമണങ്ങളും കൊലപാതകങ്ങളുമൊക്കെ ഭീതിയുടെ ആക്കം വർദ്ധിപ്പിക്കുന്നു.

സംസ്ഥാനത്തെ പ്രധാന റെയിൽവേ കേന്ദ്രമായ കൊല്ലത്ത് പലപ്പോഴായുണ്ടായിട്ടുള്ള അക്രമ സംഭവങ്ങൾ റെയിൽവേ പൊലീസിനും ആ‌ർ.പി.എഫിനും സംസ്ഥാന പൊലീസിനും തലവേദന സൃഷ്ടിക്കുന്നുമുണ്ട്. ട്രെയിനുകളിൽ അക്രമങ്ങൾ റിപ്പോ‌ർട്ട് ചെയ്യുമ്പോൾ അടിയന്തരമായി ഇടപെടാൻ കഴിയുന്ന ശക്തമായ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് നിലവിലുള്ളത്.

എന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടായാൽ പോലും തൊട്ടടുത്ത ഗ്രാമീണ റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങി രക്ഷപ്പെടാൻ പ്രതികൾക്ക് അനുയോജ്യ സാഹചര്യമാണുള്ളത്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് ശാസ്താംകോട്ട സ്റ്റേഷന് സമീപത്തുവച്ച് ഇന്നലെ രാവിലെ കായംകുളം താമരക്കുളം കിഴക്കേ വലിയത്ത് വീട്ടിൽ എം. നാസറിന് (49) മർദ്ദനമേറ്റത്. ചെറിയ സ്റ്റേഷനുകളിൽ നിരീക്ഷണ കാമറകളും പട്രോളിംഗ് സംവിധാനവും ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

സംഭവങ്ങൾ ഭീതിപ്പെടുത്തും

 2023 ജനുവരിയിലാണ് കൊല്ലം റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയെ കാെല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

 കൊങ്കര മാമൂട് പുളിമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഉമ പ്രസന്നനാണ് (32) മരിച്ചത്

 കൊലപാതകത്തിന് മുമ്പ് പീഡിപ്പിക്കപ്പെട്ടെന്നാണ് റിപ്പോർട്ട്

 2023 മാർച്ച് 20ന് മാവേലി എക്സ്‌പ്രസിൽ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

 തൃക്കടവൂർ സ്വദേശി അരുണിനാണ് കുത്തേറ്റത്

 പ്രതിയെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്തു

 സ്ത്രീകൾക്കും കുട്ടികൾക്കുംനേരെയുള്ള അതിക്രമങ്ങൾ ഏറുന്നു

 ട്രെയിൻ തട്ടിയുള്ള മരണങ്ങളും എല്ലാ മാസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്