കൊട്ടാരക്കര: കുളക്കട ഗ്രാമപഞ്ചായത്തിലെ കലയപുരം മാർക്കറ്റിന്റെ ദുരിതകാണ്ഡം കഴിഞ്ഞു. അത്യാധുനിക സംവിധാനങ്ങളോടെ പുതിയ മാർക്കറ്റ് പ്രവർത്തനം തുടങ്ങി. മന്ത്രി കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്ത് അനുവദിച്ച 1.5 കോടി രൂപ ഉപയോഗിച്ചാണ് ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മിച്ചത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനായിരുന്നു നിർമ്മാണച്ചുമതല. മതിയായ സൗകര്യങ്ങളുള്ള രണ്ട് കെട്ടിടങ്ങളാണ് ഇവിടെ ഒരുക്കിയത്. കടമുറികളും മത്സ്യ വില്പന സ്റ്റാളുകളും മാംസ വില്പന സ്റ്റാളുകളുമുണ്ട്. ആധുനിക മത്സ്യ, മാംസ കട്ടിംഗ് ട്രേകൾ, മലിനജല ശുദ്ധീകരണ പ്ളാന്റ്, ബയോഗ്യാസ് പ്ളാന്റ് എന്നിവയെല്ലാം സജ്ജമാക്കി. മത്സ്യവും മാംസ്യവും വില്പനയുമായി ബന്ധപ്പെട്ടും യാതൊരുവിധ മാലിന്യവും തങ്ങി നിൽക്കാത്ത വിധമാണ് നിർമ്മാണം നടത്തിയിട്ടുള്ളത്. മാലിന്യ സംസ്കരണ സംവിധാനങ്ങളുമുണ്ട്.
മന്ത്രി ഉദ്ഘാടനം ചെയ്തു
കലയപുരം ആധുനിക മത്സ്യ മാർക്കറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ നാടിന് സമർപ്പിച്ചു. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത്, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, ഗ്രാമ-ബ്ളോക്ക് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കാർഷിക പ്രതാപം വീണ്ടെടുക്കും
കലയപുരത്തെ വെറ്റച്ചന്ത പുരാതന കാലംമുതൽ പ്രസിദ്ധമാണ്. പുത്തൂർ കഴിഞ്ഞാൽ മേഖലയിലെ ഏക വെറ്റിലച്ചന്തയാണ്. അടയ്ക്കയും അനുബന്ധ സാധനങ്ങളും ഇവിടെയാണ് വലിയ തോതിൽ വില്പന നടന്നിരുന്നത്. കാഷിക ഉത്പനങ്ങൾ, ഉപകരണങ്ങൾ, മത്സ്യം, മാംസ്യം തുടങ്ങിയവയെല്ലാം വിൽക്കാനും വാങ്ങാനുമായി ആളുകൾ ഏറെ എത്തിയിരുന്ന മാർക്കറ്റ് പലവിധത്തിൽ പോരായ്മകളുമായി കാലങ്ങൾ മുന്നോട്ട് പോക്കി. മന്ത്രി കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്തപ്പോഴാണ് മാർക്കറ്റിന്റെ മുഖശ്രീ തെളിഞ്ഞത്. ഇനി പഴയ പ്രതാപം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.
മാർക്കറ്റ് സമുച്ചയം നിർമ്മിച്ച് സമർപ്പിച്ചു. വേണ്ടുന്ന സൗകര്യങ്ങളെല്ലാമുണ്ട്. വൃത്തിയായി സൂക്ഷിക്കാനും എന്നന്നേക്കുമായി നിലനിറുത്താനും നാട്ടുകാരും വില്പനക്കാരുംകൂടി മനസുവയ്ക്കണം. വികസന കാര്യത്തിൽ ഇനിയും ഇടപെടും.
കെ.എൻ.ബാലഗോപാൽ, മന്ത്രി