പത്തനാപുരം: കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്ന തരത്തിൽ രാഷ്ട്രീയ മാറ്റത്തിന് രൂപം നൽകിയത് ഭാരത് ധർമ്മ ജനസേനയുടെ രൂപീകരണമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ബി.ഡി.ജെ.എസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 6 ശതമാനം മുതൽ 7 ശതമാനം വരെ വോട്ട് ഉണ്ടായിരുന്ന എൻ.ഡി.എ മുന്നണി ഇന്ന് 20 ശതമാനത്തോളം വോട്ട് നേടുന്ന തരത്തിൽ എത്തിനിൽക്കുന്നു. ഇതിൽ നിർണായക പങ്ക് വഹിക്കാൻ പാർട്ടിക്ക് കഴിഞ്ഞുവെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി പരമാവധി സീറ്റുകളിൽ മത്സരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലും ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എൻ.ഡി.എ സഖ്യം വൻ മുന്നേറ്റം ഉണ്ടാക്കും. ഇടത് വലത് മുന്നണികളുടെ വൻ പരാജയങ്ങളുടെ തുടക്കം മാത്രമായിരിക്കും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയോജകമണ്ഡലം പ്രസിഡന്റ് എം.ബി. ജയസൂര്യ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പച്ചയിൽ സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. രതീഷ് അലിമുക്ക്, പ്രിൻസ് കോക്കാട്, ഗിരീഷ് മോഹൻ, സി.എസ്.രതീഷ് , ജിതിൻ ബാബു, സന്ദീപ് സോമൻ, സി.വിഷ്ണു, ശ്യാം രാജ്, രജിദാസ് പിടവൂർ എന്നിവർ സംസാരിച്ചു.