കൊല്ലം: കൊല്ലം കോർപ്പറേഷനിൽ ആദ്യഘട്ടമായി കോൺഗ്രസ് 13 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പതിവിൽ നിന്ന് വിരുദ്ധമായി ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റും കെ.പി.സി.സി അംഗവുമായ എ.കെ.ഹഫീസിനെ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചു.

ഡിവിഷൻ കമ്മിറ്റികൾ ഏകകണ്ഠമായി നിശ്ചയിച്ച സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നിലധികം പേരുകൾ ഉയർന്നിട്ടുള്ള സ്ഥലങ്ങളിൽ ജില്ലാ നേതൃത്വം വീണ്ടും ഡിവിഷൻ കമ്മിറ്റികളുമായി ചർച്ച നടത്തി സമവായം ഉണ്ടാക്കിയ ശേഷം പ്രഖ്യാപിക്കും. മുൻ തിരഞ്ഞെടുപ്പുകളിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷമാണ് കൊല്ലം കോർപ്പറേഷനിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് അന്തിമമായി പ്രഖ്യാപിച്ചിരുന്നത്. സമീപകാല ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസ് കൊല്ലത്ത് വിജ്ഞാപനം വരുന്നതിന് മുമ്പേ തദ്ദേശ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്.

കൊല്ലം കോർപ്പറേഷനിൽ ആകെ 56 ഡിവിഷനുകളാണുള്ളത്. ഇതിൽ 38 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ആർ.എസ്.പി -11, മുസ്ലീം ലീഗ്- 5, കേരള കോൺഗ്രസ് ജേക്കബ്- 1, ഫോർവേർഡ് ബ്ലോക്ക് എന്നിങ്ങനെയാണ് ഘടകക്ഷികൾക്കുള്ള സീറ്റ്. ഓരോ സീറ്റ് വീതം വച്ചുമാറാൻ ആർ.എസ്.പി, മുസ്ലീം ലീഗ് എന്നീ കക്ഷികളുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്തിവരികയാണ്. മത്സരിക്കുന്ന 11 സീറ്റുകളിൽ ആർ.എസ്.പി പത്തിടത്തെ സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടുണ്ട്. 6ന് ജില്ലാ എക്സിക്യുട്ടീവ് യോഗത്തിന് ശേഷം പ്രഖ്യാപിക്കും. ലീഗ് 5ൽ മൂന്നിടത്തെ സ്ഥാനാർത്ഥികളെ തീരുമാനിച്ചെങ്കിലും പ്രഖ്യാപനം വന്നിട്ടില്ല.

ഹഫീസ് എസ്.എൻ കോളേജ് പ്രോഡക്ട്

കൊല്ലം എസ്.എൻ കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കെയാണ് എ.കെ. ഹഫീസ് കെ.എസ്.യു പ്രവർത്തകനായത്. അവിടെ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി. 77ൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായും തിര‌ഞ്ഞെടുക്കപ്പെട്ടു. ഇത്തവണ താമരക്കുളം ഡിവിഷനിലാണ് മത്സരിക്കുന്നത്. 2015ലെ തിരഞ്ഞെടുപ്പിൽ താമരക്കുളത്ത് നിന്ന് വിജയിച്ച് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവായിരുന്നു. കൊല്ലം ഡെവലപ്പ്മെന്റ് അതോറിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമാണ്.

വലിയ ആത്മവിശ്വാസത്തോടെയാണ് കൊല്ലം കോർപ്പറേഷനിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ടാണ് മുതിർന്ന നേതാവായ എ.കെ.ഹഫീസിനെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

വി.എസ്. ശിവകുമാർ

കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം