കൊല്ലം: വിജ്ഞാപനം വരുന്നതിന് മുമ്പേ കൊല്ലം കോർപ്പറേഷനിൽ 13 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യം പന്ത് തട്ടി കോൺഗ്രസ്. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും വിജ്ഞാപനം വരുന്നതിന് പിന്നാലെ തന്നെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങളിലാണ് കോൺഗ്രസും യു.ഡി.എഫും.

ഇത്തവണ തങ്ങൾ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന സൂചന ജനങ്ങൾക്ക് നൽകാനാണ് കോൺഗ്രസും യു.ഡി.എഫും നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. തർക്കമുള്ള സ്ഥലങ്ങളിൽ വിമത നീക്കങ്ങൾ ഒഴിവാക്കാൻ അടിത്തട്ടിലുള്ളവരുമായവരടക്കം കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. മുൻ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പലയിടങ്ങളിലും ഒരു സീറ്റിൽ ഒന്നിലധികം കോൺഗ്രസ് പ്രവർത്തകർ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമായിരുന്നു. പത്രിക പിൻവലിക്കുന്നതിന് തൊട്ടുമുമ്പ് വിമതരെ അനുനയിപ്പിച്ചാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ അന്തിമമാക്കിയിരുന്നത്. ഈ ഗതികേട് ഇത്തവണ ഉണ്ടാകില്ലെന്ന് കോൺഗ്രസ് നേതാക്കൾ തറപ്പിച്ച് പറയുകയാണ്. ഘടകക്ഷികൾക്ക് വീട്ടുനൽകുന്ന സീറ്റിലും കോൺഗ്രസ് റിബലുകൾക്ക് വിലക്കുണ്ട്.

വിജ്ഞാപനം വരട്ടേയെന്ന് എൽ.ഡി.എഫും എൻ.ഡി.എയും

 കോൺഗ്രസ് മുൻകൂട്ടി പന്ത് തട്ടിയെങ്കിലും വിജ്ഞാപനം വന്ന ശേഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാൽ മതിയെന്ന നിലപാടിലാണ് എൽ.ഡി.എഫും എൻ.ഡി.എയും.

 രണ്ട് ദിവസത്തിനുള്ളിൽ ലോക്കൽ കമ്മിറ്റികൾ ചേർന്ന് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സ്ഥാനാർത്ഥി പട്ടികകളുടെ നിർദ്ദേശം തയ്യാറാക്കും. അതിന് ശേഷം വാർഡ്, ഡിവിഷൻ കമ്മിറ്റികൾ ചർച്ച ചെയ്ത് ഏരിയാ, ജില്ലാ നേതൃത്വങ്ങൾക്ക് കൈമാറും.

 ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാൻ ജില്ലാ കോർ കമ്മിറ്റി 6ന് ചേരും. ബി.ജെ.പിയുടെ വാർഡ്, ഡിവിഷൻ ഇലക്ഷൻ മാനേജ്മെന്റ് കമ്മിറ്റികൾ യോഗം ചേർന്ന് സ്ഥാനാർത്ഥി പട്ടിക മണ്ഡലം കമ്മിറ്റികൾക്ക് കൈമാറി. എൽ.ഡി.എയിലെ സീറ്റ് വിഭജന ചർച്ച ഇന്ന് പൂർത്തിയാകും.

പുതിയ സീറ്റ് ആവശ്യപ്പെട്ട് സി.പി.ഐ

തദ്ദേശ സ്ഥാപനങ്ങളിൽ പുതുതായി രൂപീകരിച്ച വാർഡുകളും ഡിവിഷനുകളും എൽ.ഡി.എഫിൽ സി.പി.ഐ ആവശ്യപ്പെടും. ചില പഞ്ചായത്തുകളിലും ബ്ലോക്കുകളിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെങ്കിലും കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ പുതിയ സീറ്റുകൾ കിട്ടിയേ തീരൂവെന്ന നിലപാട് സ്വീകരിക്കാനാണ് സി.പി.ഐ നേതൃത്വത്തിന്റെ തീരുമാനം.

ഇന്ന് മുതൽ സീറ്റ് വിഭജന ചർച്ച ആരംഭിക്കും. ഈമാസം പത്തോടെ സ്ഥാനാർത്ഥികളെ പൂർണമായും പ്രഖ്യാപിക്കും.

എസ്. ജയമോഹൻ

സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി

റിബലുകളും വിമതരുമില്ലാതെയാകും ജില്ലയിൽ യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുക.

പി. രാജേന്ദ്രപ്രസാദ്

ഡി.സി.സി പ്രസിഡന്റ്

ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക 6ന് ചേരുന്ന ജില്ലാ കോർ കമ്മിറ്റി പരിശോധിക്കും. തുടർന്ന് സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടും.

എസ്. പ്രശാന്ത്

ബി.ജെ.പി ജില്ലാ പ്രസിഡന്റ്