കരുനാഗപ്പള്ളി: സംഘർഷഭരിതമായ വർത്തമാന കാലഘട്ടത്തിൽ ശ്രീനാരായണഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ഏറി വരികയാണെന്ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ പറഞ്ഞു.
ഗുരുദേവ ദർശനങ്ങളുടെ പ്രചരണാർത്ഥം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ 17 മുതൽ 28 വരെ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവ പ്രബോധനത്തിന്റെ ഭാഗമായുള്ള കൂപ്പണുകളുടെ വിതരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൃശ്ചികോത്സവത്തിന്റെ ഭാഗമായി ശ്രീനാരായണ മഠത്തിൽ നടത്തുന്ന ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, അർച്ചന, കുടുംബാർച്ചന, വിളക്ക്പൂജ എന്നിവയുടെ കൂപ്പണുകളാണ് വിതരണം ചെയ്തത്. ആദ്യ കൂപ്പൺ കോഴിക്കോട് 226-ാം നമ്പർ ശാഖ വനിതാസംഘം പ്രസിഡന്റ് ശോഭാ പ്രസന്നന് യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ നൽകി. കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ മുഖ്യ പ്രഭാഷണം നടത്തി. വനിതാസംഘം പ്രസിഡന്റ് അംബികാദേവി അദ്ധ്യക്ഷയായി. സെക്രട്ടറി മധുകുമാരി സ്വാഗതവും വൈസ് പ്രസിഡന്റ് സ്മിത നന്ദിയും പറഞ്ഞു.