
കൊല്ലം: മുൻവൈരാഗ്യത്താൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം ശാന്തിനഗർ 33 ൽ സൽമ മൻസിലിൽ ഹാഷിഫാണ് (29) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ പുലർച്ചെ പോളയത്തോടായിരുന്നു സംഭവം. മയ്യനാട് സ്വദേശി മുഹമ്മദ് അലിയെയാണ് (29) കൊലപ്പെടുത്താൻ ശ്രമിച്ചത്.
പോളയത്തോട് വച്ച് മുഹമ്മദ് അലിയെ ഹാഷിഫ് ചീത്ത വിളിച്ച് ആക്രമിക്കുകയായിരുന്നു. തള്ളി താഴെയിട്ട ശേഷം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് അലി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ആശ്രാമത്ത് ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥൻ സി.പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ് പ്രതി ഹാഷിഫ്. കൊല്ലം ഈസ്റ്റ്, വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മുമ്പും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഷൈജു, എസ്.സി.പി.ഒ മാരായ അനീഷ്, ഷൈൻ സി.പി.ഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.