പത്തനാപുരം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ അലിമുക്ക് ജംഗ്ഷനിലെ കൊടുംവളവിൽ ഒടുവിൽ അധികൃതർ ഹമ്പുകൾ സ്ഥാപിച്ചു. വാഹനാപകടങ്ങൾ നിത്യസംഭവമായി മാറിയ ഈ ജംഗ്ഷനിലെ അമിതവേഗം നിയന്ത്രിക്കാനുള്ള നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമിതി കൂട്ടായ്മ സംസ്ഥാന പാത ഉപരോധിച്ചതിനെ തുടർന്നാണ് നടപടി. നിലവിൽ ഇരുഭാഗത്തും ബമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ സിഗ്നൽ ലൈറ്റുകൾ ഉടൻ സ്ഥാപിക്കാനും അധികൃതർ ശ്രമിക്കുന്നുണ്ട്.
അലിമുക്ക് ജംഗ്ഷനിലെ കൊടും വളവിൽ ഇതിനോടകം 12ൽ അധികം വാഹനാപകടങ്ങളാണ് നടന്നത്.
പത്തനാപുരം ഭാഗത്ത് നിന്ന് പുനലൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വളവിൽ നിയന്ത്രണം വിട്ട് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചു കയറുന്നത് പതിവാണ്.
ബിജുവിന്റെ ഉടമസ്ഥതയിലുള്ള എ വൺ ചിപ്സ് കടയിൽ മാത്രം 11 തവണയാണ് നിയന്ത്രണം വിട്ടെത്തിയ വാഹനങ്ങൾ ഇടിച്ചു കയറിയത്.
ഓരോ അപകടം നടക്കുമ്പോഴും മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി ഉചിതമായ നടപടി ഉറപ്പുനൽകിയിരുന്നു. എന്നാൽ, തുടർനടപടികൾ അനന്തമായി നീണ്ടതോടെയാണ് പ്രദേശത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ജനകീയ സമിതി കൂട്ടായ്മ രൂപീകരിച്ച് സംസ്ഥാന പാത ഉപരോധിച്ചത്.
റോഡ് ഉപരോധം അറിഞ്ഞെത്തിയ പൊലീസും കെ.എസ്.ടി.പി അധികൃതരും പൊലീസ് സ്റ്റേഷനിൽ വെച്ച് ജനകീയ സമിതിയുമായി നടത്തിയ ചർച്ചയിലാണ് അമിത വേഗത നിയന്ത്രിക്കാൻ ബമ്പുകൾ സ്ഥാപിക്കാൻ തീരുമാനമായത്.
റോഡ് ഉപരോധം
ജനകീയ സമിതി കൂട്ടായ്മ നേതാക്കളായ റെജിമോൻ, വെട്ടിതിട്ട സന്തോഷ്, മനു, സൂരജ്, കൃഷ്മകുമാർ, സീന സുനിൽ, മോഹൻകുമാർ, അജി വാലുതുണ്ട്, പിറവന്തൂർ ജലാൽ തുടങ്ങിയവരാണ് റോഡ് ഉപരോധത്തിന് നേതൃത്വം നൽകിയത്. പ്രശ്നം ചർച്ച ചെയ്ത് പരിഹാരം കണ്ട ശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രവർത്തകർ വീണ്ടും റോഡ് ഉപരോധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് നീക്കം ചെയ്തു.
സംസ്ഥാന പാതയുടെ അശാസ്ത്രീയമായ നവീകരണവും വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടങ്ങൾക്ക് കാരണം.
കൊടുംവളവ് നിവർത്തിയാൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയും.
നാട്ടുകാർ