കൊല്ലം: നിർമ്മിതബുദ്ധിയെ പറ്റി അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ പ്രാധാന്യം നൽകണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം, കാവ്യമണ്ഡപം എന്നിവയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അങ്കണത്തിലെ ഒ.എൻ.വി പ്രതിമയുടെ അനാച്ഛാദനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥ വ്യതിയാനം വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നത് സംബന്ധിച്ച് പ്രത്യേക പദ്ധതി വഴി പഠനഗവേഷണങ്ങൾ ത്രിതല പഞ്ചായത്ത് തലങ്ങളിൽ നടപ്പാക്കണമെന്നും സ്പീക്കർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ സമഗ്ര വികസനരേഖയുടെ പ്രകാശനം കളക്ടർ എൻ.ദേവിദാസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ നജീബത്ത്, വസന്ത രമേശ്, കെ.അനിൽകുമാർ, അനിൽ.എസ് കല്ലേലിഭാഗം, സാം.കെ.ഡാനിയൽ തുടങ്ങിയവർ പങ്കെടുത്തു.