കൊല്ലം: കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത മൺറോത്തുരുത്തിലെ എഫ്.എച്ച്.എസ്.സിയുടെ പുതിയ കെട്ടിടത്തിലേക്ക് ഡി.എം.ഒയുടെ വിലക്ക് ലംഘിച്ച് ഫർണിച്ചറും മറ്റും മാറ്റിയതിന് എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർക്ക് സസ്പെൻഷൻ. ഡോ. എ.ഹാംലറ്റിനെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ.റീന സസ്പെൻഡ് ചെയ്തത്.
നിർമ്മാണം പൂർത്തിയാക്കാത്ത കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതായി കാട്ടി നാഷണൽ ഹെൽത്ത് മിഷൻ എൻജിനിയറുടെ കത്ത് ലഭിച്ചിട്ടില്ല. ആരോഗ്യ വകുപ്പ് ഡയറക്ടറുടെയോ ജില്ലാ മെഡിക്കൽ ഓഫീസറുടെയോ അനുമതി വാങ്ങിയില്ല. പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത് നിറുത്തിവയ്ക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടിട്ടും നിർദ്ദേശം പാലിച്ചില്ല എന്നീ കാരണങ്ങളാണ് സസ്പെൻഷന് കാരണമായി പറയുന്നത്.
മൺറോത്തുരുത്ത് പഞ്ചായത്ത് ഭരണം യു.ഡി.എഫിനാണ്. പുതിയ കെട്ടിടം നാടിന് സമർപ്പിക്കുന്നതിന്റെ നേട്ടം തങ്ങൾക്ക് ലഭിക്കാതിരിക്കാൻ എൽ.ഡി.എഫ് ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് യു.ഡി.എഫിന്റെ ആരോപണം. എന്നാൽ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ പൂർത്തിയാകാത്ത കെട്ടിടം തുറന്നു പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് എൽ.ഡി.എഫ് ആരോപണം. കഴിഞ്ഞമാസം 23ന് പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്.