photo

കൊല്ലം: പുത്തൂരിൽ അഞ്ചാം ക്ളാസ് വിദ്യാർത്ഥി വീടിന് സമീപത്തെ പൊട്ടക്കിണറ്റിൽ വീണ് മരിച്ചു. തേവലപ്പുറം കരുവായം കൊച്ചുവീട്ടിൽ സി.ലിജിയുടെയും ലക്ഷ്മി രാജിന്റെയും മകൻ നിരഞ്ജനാണ് (10) മരിച്ചത്. പവിത്രേശ്വരം സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയാണ്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വൈകിട്ട് ട്യൂഷൻ സെന്ററിൽ നിന്ന് ടീച്ചറിനൊപ്പം നിരഞ്ജനും കൂട്ടുകാരും സമീപത്തെ കാവിൽ പായസം വാങ്ങാൻ പോയിരുന്നു. ഇവിടെ പായസം വിതരണം വൈകിയതോടെ കൂട്ടത്തിൽ ഉള്ള ഒരു കുട്ടിക്ക് വീട്ടിൽ തിരികെ പോകേണ്ടതിനാൽ നിരഞ്ജനൊപ്പമാണ് കുട്ടി ട്യൂഷൻ സെന്ററിലേക്ക് തിരികെ പോയത്.

ഇവിടെ നിന്നും വീണ്ടും കാവിലേക്ക് പോയ നിരഞ്ജനെ പിന്നീട് കാണാതായി. വീട്ടുകാരും ട്യൂഷൻ സെന്റ‌ർ അധികൃതരും നിരഞ്ജനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ഊർജ്ജിത ശ്രമത്തിൽ സമീപ പുരയിടത്തിലെ ഉപയോഗിക്കാത്ത പൊട്ടക്കിണറ്റിൽ നിരഞ്ജനെ കണ്ടെത്തി. സമീപവാസി ഉടൻ തന്നെ കിണറ്റിലിറങ്ങി, ഓടിയെത്തിയവരെല്ലാം ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ കുട്ടിയെ പുറത്തെടുത്തു. ഉടൻ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പുത്തൂർ പൊലീസ് കേസെടുത്തു. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്നാണ് പ്രാഥമിക വിവരം. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നിവേദിതയാണ് സഹോദരി. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.