കൊല്ലം: പൊതുമരാമത്ത് വകുപ്പിന്റെ 2021ലെ ഷെഡ്യൂൾ നിരക്ക് പരിഷ്കരിച്ചതോടെ മയ്യനാട് ആർ.ഒ.ബിയുടെ എസ്റ്റിമേറ്റ് 47 കോടിയായി ഉയർന്നു. പുതി​യ എസ്റ്റിമേറ്റിന് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചാലുടൻ നി‌ർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിക്കും.

ആറ് വർഷം മുൻപ് സ്ഥലം ഏറ്റെടുപ്പ് സഹിതം 25.95 കോടിയുടെ അനുമതിയാണ് മയ്യനാട് ആർ.ഒ.ബിക്ക് ലഭിച്ചിരുന്നത്. ഇതിൽ 20 കോടിയോളം രൂപ സ്ഥലം ഏറ്റെടുക്കലിന് ചെലവായി. വർഷങ്ങൾ പിന്നിട്ടതോടെ പഴയ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണം ടെണ്ടർ ചെയ്യാനാകാത്ത അവസ്ഥയായി. ഇതോടെ എസ്റ്റിമേറ്റ് 45 കോടിയായി പരിഷ്കരിച്ച് കിഫ്ബിയുടെ അനുമതിക്കായി സമർപ്പിച്ചു. അതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പിന്റെ ഷെഡ്യൂൾ പരിഷ്കരണം നിലവിൽ വന്നു. അതോടെയാണ് എസ്റ്റിമേറ്റ് വീണ്ടും പരിഷ്കരിച്ച് 47 കോടിയാക്കി​യത്. ഇതിൽ സ്ഥലമേറ്റെടുക്കലിന് ചെലവായ 20 കോടി കഴി​ഞ്ഞുള്ള തുകയാണ് നിർമ്മാണത്തിനായി കണക്കാക്കുന്നത്.

കിഫ്ബിയുടെ സാമ്പത്തികാനുമതി വാങ്ങി രണ്ട് മാസത്തിനകം മയ്യനാട് ആർ.ഒ.ബി നിർമ്മാണം ടെണ്ടർ ചെയ്യാനാണ് നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെയുടെ ശ്രമം. 2017ലാണ് ആർ.ഒ.ബി നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചത്. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോടതി കയറിയതോടെ നടപടികൾ വൈകി. ഇതിനിടെ, 2024 ഒക്ടോബറിൽ ആർ.ഒ.ബിയുടെ ജി.എ.ഡിക്ക് റെയിൽവേയുടെ അനുമതി ലഭിച്ചു. സ്വകാര്യ ഭൂമി ഏറ്റെടുത്തിട്ടും വെള്ളമണൽ സ്കൂളിന്റെ ഭൂമി കൈമാറിക്കിട്ടുന്നതിന് കാലതാമസമുണ്ടായി.

ദുരിതം അതി​രൂക്ഷം

വാഹനങ്ങളുടെ എണ്ണം പെരുകുന്നതനുസരിച്ച് മയ്യനാട് ജംഗ്ഷനിൽ ലെവൽ ക്രോസ് സൃഷ്ടിക്കുന്ന ദുരിതവും രൂക്ഷമാവുകയാണ്. മയ്യനാട് ജംഗ്ഷന്റെ ഹൃദയഭാഗത്താണ് ലെവൽ ക്രോസ് സ്ഥിതി ചെയ്യുന്നത്. ഗേറ്റ് അടയ്ക്കുമ്പോൾ ഇരുവശങ്ങളിലും വാഹനങ്ങൾ നിറയുന്നതിനാൽ വീതി കുറഞ്ഞ ഈ ഭാഗത്ത് കൂടി കാൽനടയാത്രയും അസാദ്ധ്യമാവും. ആംബുലൻസുകൾ അടക്കം ഗേറ്റിന് മുന്നിൽ കുരുങ്ങുന്നത് നിത്യസംഭവമാണ്.