ചവറ: ചവറ മുക്കുത്തോടിന്റെ മനോഹരമായ കായൽ കാഴ്ചകളും കണ്ടൽക്കാടുകളും സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്ന ഒരു ലോകോത്തര ടൂറിസം കേന്ദ്രമായി മാറിയാൽ എങ്ങനെയിരിക്കും? ആ സ്വപ്നം യാഥാർത്ഥ്യമാക്കാനാണ് 4 കോടി രൂപയുടെ ബൃഹദ് പദ്ധതിക്ക് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.
ചവറ നിയോജകമണ്ഡലത്തിൽ നവകേരള സദസിന്റെ ഭാഗമായി നടപ്പാക്കുന്ന സമഗ്ര ടൂറിസം പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജെ.ആർ. സുരേഷ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം കെ. സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു. എൽ.എസ്.ജി.ഡി എക്സിക്യുട്ടീവ് എൻജിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് നന്ദി പറഞ്ഞു. അഡ്വ. സി.പി.സുധീഷ് കുമാർ (ജില്ലാ പഞ്ചായത്ത് അംഗം), പ്രിയ ഷിനു (ബ്ലോക്ക് പഞ്ചായത്ത് അംഗം), ഐ. ജയലക്ഷ്മി (വൈസ് പ്രസിഡൻ്റ്) ഉൾപ്പെടെ നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകരും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചവറ ടൂറിസം ഭൂപടത്തിൽ പ്രധാന ഇടം നേടുമെന്ന് എം.എൽ.എ അറിയിച്ചു.
ചവറ മുക്കുത്തോട് ടി.എസ്. കനാലിന് സമീപമുള്ള 124.9 സെന്റ് ഗ്രാമപഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിലാണ് പ്രകൃതിസൗഹൃദപരമായ ഈ ടൂറിസം കേന്ദ്രം ഉയരുന്നത്.
പ്രധാന ആകർഷണങ്ങൾ
പ്രകൃതിസൗഹൃദ ഓപ്പൺ എയർ ഓഡിറ്റോറിയം
സ്റ്റേജ്, നടപ്പാത
കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള വ്യായാമ സൗകര്യങ്ങൾ
ഓപ്പൺ ജിംനേഷ്യം
കഫറ്റീരിയ, കുട്ടികളുടെ പാർക്ക്
ബോട്ട് ജെട്ടി
ഇവിടുത്തെ തനത് കണ്ടൽക്കാടുകൾ സംരക്ഷിച്ച് കൊണ്ടായിരിക്കും നിർമ്മാണം. ദേശീയ ജലപാത, നീണ്ടകര വടക്കായൽ, അഷ്ടമുടിക്കായൽ, സാമ്പ്രാണിക്കോടി എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് എത്തിച്ചേരുന്നതിനായി ഈ കേന്ദ്രത്തിൽനിന്ന് ബോട്ട് സൗകര്യവും ഒരുക്കും. അക്രഡിറ്റഡ് സ്ഥാപനമായ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് നിർമ്മാണ ചുമതല. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന തരത്തിൽ അഞ്ച് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.