മൺറോത്തുരുത്ത്: കൊവിഡ് കാലത്ത് നിലച്ച മൺറോത്തുരുത്ത്- കൊല്ലം സ്റ്റേ സർവീസ് പുനരാരംഭിച്ചു. യാത്രക്കാരുടെ ദുരിതം സംബന്ധിച്ച് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് അധികൃതരുടെ അടിയന്തര ഇടപെടൽ.
നേരത്തെ മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ വരെ നടത്തിയിരുന്ന സർവീസ് പേഴുംതുരുത്തിലേക്ക് നീട്ടിയാണ് പുനരാരംഭിച്ചിരിക്കുന്നത്. ഇതിനായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഇടപെട്ടതിന് പുറമേ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ സംയുക്തമായി സ്റ്റേ സർവീസിലെ ജീവനക്കാർക്ക് താമസ സൗകര്യവും ഒരുക്കി. സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മൺറോതുരുത്ത് പഞ്ചായത്ത് ഭരണസമിതി പ്രമേയവും പാസാക്കിയിരുന്നു.
പുലർച്ചെ തുരുത്തിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്നവർക്കും രാത്രി മടങ്ങിവരുന്നവർക്കും ഏറെ സഹായകരമാകും കൊല്ലം- മൺറോത്തുരുത്ത് സർവീസ്. ഇതുവരെ തൊഴിലാളികളടക്കം പുലർച്ചെയും രാത്രിയും ഓട്ടോറിക്ഷകളെയാണ് ആശ്രയിച്ചിരുന്നത്.