കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെയും തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെയും പരിധിയിലുള്ള വിവിധ പാർട്ടികളിൽനിന്നുള്ള അമ്പതോളം പ്രവർത്തകർ സി.പി.ഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്നലെ സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വെച്ച് പാർട്ടിയിലേക്ക് പുതുതായി വന്നവർക്ക് സ്വീകരണം നൽകി. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.എം.എസ്.താര പതാക നൽകിയാണ് പ്രവർത്തകരെ സ്വീകരിച്ചത്. യോഗത്തിൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജഗത് ജീവൻലാൽ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി ആർ. രവി, സെക്രട്ടേറിയറ്റ് അംഗങ്ങളായ ശശിധരൻപിള്ള, ബി. ശ്രീകുമാർ, മുഹമ്മദ്കുഞ്ഞ്, അജിത്ത്, യു. കണ്ണൻ എന്നിവർ സംസാരിച്ചു.