കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലെ നിലവിലുള്ള മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ വടക്കേ ഭാഗത്തുള്ള മൂന്ന് നില കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധിച്ചതിനെ തുടർന്ന്, ഇവിടെ പ്രവർത്തിച്ചിരുന്ന 12 ഓഫീസുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു. സി.ആർ. മഹേഷ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കരുനാഗപ്പള്ളിയിൽ തന്നെയുള്ള സർക്കാർ കെട്ടിടങ്ങളിലേക്കോ സ്വകാര്യ കെട്ടിട സമുച്ചയത്തിലേക്കോ ഒരു മാസത്തിനുള്ളിൽ ഓഫീസുകൾ മാറ്റി സ്ഥാപിക്കും. കരുനാഗപ്പള്ളി ബ്ലോക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന ഇടക്കുളങ്ങരയിലെ കെട്ടിടങ്ങൾ ലഭ്യമാക്കാൻ കഴിയുമോ എന്ന് മന്ത്രിയുമായും ഉന്നത തല ഉദ്യോഗസ്ഥരുമായും അടിയന്തരമായി ചർച്ച നടത്തുന്നതാണെന്ന് എം.എൽ.എ അറിയിച്ചു. കൂടാതെ, എല്ലാ ഓഫീസുകളും ഒന്നായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലുള്ള സ്വകാര്യ കെട്ടിട സമുച്ചയം ലഭ്യമാകുമോ എന്ന് പരിശോധിക്കുന്നതിനും നിലവിലുള്ള 12 ഓഫീസുകളുടെ ജീവനക്കാരുടെ വിവരങ്ങളും ആവശ്യമായ സ്ഥലവിസ്തീർണം സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചക്കകം പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നൽകുന്നതിനും നിർദ്ദേശിച്ചു. അഡിഷണൽ തഹസിൽദാർ സന്തോഷ്‌കുമാർ, വിവിധ ഓഫീസ് മേധാവികൾ, പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.