കൊല്ലം: കല്ലുപാലം- കൊച്ചുപിലാംമൂട് റോഡരികിൽ കൊല്ലം തോട്ടിൽ നിന്ന് കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ വാരിക്കൂട്ടിവച്ച മാലിന്യ നീക്കം ചെയ്തു.
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ റോഡിന് സമീപത്ത് റോഡിന്റെ വലതുവശത്താണ് അറവുമാലിന്യങ്ങൾ ഉൾപ്പെടെ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുംവിധം കൂട്ടിവച്ചിരുന്നത്. ഇന്നലെയാണ് ഇവ നീക്കം ചെയ്തത്. മാലിന്യം കോരുന്നതോടൊപ്പം ഇവിടെ നിന്ന് നീക്കിയിരുന്നതാണെന്നും എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആയതിനാലാണ് മാലിന്യ നീക്കത്തിന് കാലതാമസം ഉണ്ടായതെന്നും കോർപ്പറേഷൻ അധികൃതർ പറഞ്ഞിരുന്നു. റോഡരികിൽ മാലിന്യം കൂട്ടിവച്ചതുമൂലം യാത്രക്കാർക്കടക്കം ഉണ്ടാകുന്ന ബുദ്ധിമുട്ട് ചൂട്ടിക്കാണ്ടി കഴിഞ്ഞ 5 ന് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഒരിക്കലും ഒഴിയാതെ മാലിന്യം
എത്ര തവണ ശുചീകരിച്ചാലും ദിവസങ്ങൾക്കകം തോട്ടിലും കരയിലും മാലിന്യം കുന്നുകൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാക്കുകളിലും പ്ലാസ്റ്റിക്ക് കിറ്റുകളിലുമാണ് മാലിന്യ നിക്ഷേപം. ഹോട്ടലുകളിൽ നിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും കുട്ടികളുടെ ഡയപ്പറുകളും കുപ്പിച്ചില്ലുകളും ഉൾപ്പെടെയാണ് ഇവിടെ ഉപേക്ഷിക്കുന്നത്. കൊല്ലം തോട്ടിലേക്ക് മാലിന്യം തള്ളൽ വ്യാപകമായതോടെ 8 മാസം മുൻപാണ് കോർപ്പറേഷൻ കല്ലുപാലം - കൊച്ചുപിലാംമൂട് റോഡിൽ ക്യാമറ സ്ഥാപിച്ചത്. എന്നാൽ ക്യാമറയെപ്പോലുംവകവയ്ക്കാതെയാണ് മാലിന്യ നിക്ഷേപം തകൃതിയായി നടക്കുന്നത്.