എഴുകോൺ : പതിവില്ലാതെ ഒന്നാം വിള കൃഷി ഉപേക്ഷിച്ച കരീപ്ര പാട്ടുപുരയ്ക്കൽ ഏലായിൽ രണ്ടാം വിള കൃഷി തുടങ്ങി. വിത്തെറിയൽ അവസാന ഘട്ടത്തിലാണ്.60 ഏക്കറിലാണ് കൃഷിയിറക്കുന്നതെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. ഉമയാണ് വിത്തിനം. വിളവെടുപ്പിന് പാകമാകാൻ 120 ദിവസമാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ പ്രധാന നെല്ലുത്പാദന കേ ന്ദ്രമാണ് പാട്ടു പുരയ്ക്കൽ.
തൊഴിലാളികളെ കിട്ടാനില്ല
യന്ത്രസഹായത്തോടെയാണ് നിലം ഒരുക്കുന്നത്. ആദ്യ ചാൽ ഉഴുത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രണ്ടാം ചാൽ ഉഴവ്. മണ്ണിനടിയിലുള്ള ഊരയും പോച്ചയും കിളിച്ച് പൊന്തുന്നതിനാണ് രണ്ടാഴ്ച കാക്കുന്നത്. മൂന്നാം ചാൽ ഉഴവിന് ശേഷം മനുഷ്യാദ്ധ്വാനത്തിലൂടെ കണ്ടം തട്ടിനിരത്തിയും വരമ്പ് കോരിയും വിത്തിറക്കാൻ പാകമാക്കും. ആവശ്യത്തിന് കാർഷിക തൊഴിലാളികളെ കിട്ടാത്തതാണ് നെൽകൃഷി നേരിടുന്ന പ്രതിസന്ധി.
കൂടുതൽ വിളവ് നടീലിൽ
ഞാറ്റടിയൊരുക്കി ഞാറ് കിളിപ്പിച്ച് പറിച്ചു നടുന്ന കൃഷിരീതിയിലാണ് കൂടുതൽ വിളവ് കിട്ടുന്നത്. എന്നാൽ ഈ കൃഷി രീതി ഈ മേഖലയിൽ അന്യം നിന്ന നിലയിലാണ്. വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളില്ലാത്തതാണ് ഇവിടെയും വെല്ലുവിളിയാകുന്നത്. ഒരേക്കറിലേക്കുള്ള ഞാറിന് 10 സെന്റിൽ ഞാറ്റടിയൊരുക്കാം. പറിച്ചു നടുമ്പോൾ ആഴവും അകലവും കൃത്യമായ അളവിൽ ആകണം. നടീലിൽ കൂലിച്ചെലവ് കൂടുമെന്നതും ഈ രീതി ഉപേക്ഷിക്കാൻ കാരണമാണ്.
നടീൽ കൊയ്ത്ത് മെതി യന്ത്രങ്ങൾ
കൂലിച്ചെലവ് കുറച്ച് ശാസ്ത്രീയമായി ഞാറ് നടുന്നതിനുള്ള കാർഷിക യന്ത്രങ്ങളുണ്ട്. എന്നാൽ ഇതിന്റെ ഉപയോഗം വ്യാപകമായിട്ടില്ല. നിലം ഉഴുവുന്നത് മുതൽ കൊയ്ത് മെതിക്കുന്നത് വരെ പൂർണമായും യന്ത്രസഹായത്തോടെ കൃഷി ചെയ്യാനും സാധിക്കും. യന്ത്രവത്കൃത കൃഷിയിൽ ഉയർന്ന വിളവും ലഭിക്കും. എസ്. ജയമോഹൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഈ രീതി അവലംബിച്ചിരുന്നു. കരീപ്രയിലായിരുന്നു തുടക്കം. എല്ലാ പാടശേഖരങ്ങളിലേക്കും യന്ത്രവത്കൃത കൃഷി വ്യാപിപ്പിക്കുന്നതിൽ പിന്നീട് കാര്യമായ നടപടികൾ ഉണ്ടായില്ല.
ഊരശല്യത്തിന് പരിഹാരമായില്ല
കൃഷിയെ നശിപ്പിക്കുന്ന ഊര വളർച്ച വലിയ തോതിലായിട്ട് നാളുകളായി. ശാശ്വത പരിഹാരം ആയിട്ടില്ല. 12 വർഷം വരെ ഊര വിത്തുകൾ നശിക്കാതെ മണ്ണിനടിയിൽ കിടക്കും.
കാർഷിക കലണ്ടർ വാചകത്തിൽ മാത്രം
വേനൽ, മഴ, കനാൽ വഴിയുള്ള ജലസേചനം തുടങ്ങിയവ കണക്കാക്കി ഒരു കാർഷിക കലണ്ടർ എന്നത് എന്നത്തെയും ചർച്ചാ വിഷയമാണ്. ഓണം കഴിഞ്ഞാലുടൻ നിലമൊരുക്കി സെപ്തംബർ, ഒക്ടോബറിൽ തന്നെ രണ്ടാംവിള ഇറക്കുന്നതാണ് ശരിയായ രീതി. ഡിസംബറിലും മറ്റും വൈകിയിറക്കിയ കൃഷി ജലക്ഷാമം മൂലം ഉപേക്ഷിക്കേണ്ടി വന്ന ചരിത്രവും ഇവിടുത്തെ കാർഷിക മേഖലയിലുണ്ട്.