കൊല്ലം: ആത്മീയത ജീവിതത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം ഉപദേശിക്കുന്നില്ലെന്നും അവരവരെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും സമഗ്രമായി അറിയാൻ ആത്മീയത ക്ഷണിക്കുന്നുവെന്നും സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. വ്യാസ പ്രസാദം 2025 ന്റെ 5-ാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒന്നാമതായി ഈശ്വരന് രണ്ടുപ്രകൃതിയുണ്ടെന്നറിയണം. സാങ്കേതികമായി പരാപ്രകൃതിയെന്നും അപരാപ്രകൃതിയെന്നും പ്രകൃതികളെ മനസിലാക്കാം. അപരാ പ്രകൃതിക്ക് സ്വതവേ സത്തയില്ല. കേവലം പ്രതീതിയാണെങ്കിലും എട്ടു പ്രകാരത്തിൽ സ്പന്ദിക്കുന്ന അപരാ പ്രകൃതി പ്രപഞ്ച സൃഷ്ടിക്കുള്ള സാമഗ്രിയാകുന്നു. ഇതിൽ നിന്നു വ്യത്യസ്തമായ പരാ പ്രകൃതി ജീവപ്രഭാവമാണ്. ജഡാത്മക പ്രപഞ്ചത്തെ ചൈതന്യ ധന്യമാക്കുകയും ധരിച്ചുനിൽക്കുകയും ചെയ്യുന്ന സാന്നിദ്ധ്യം. ഇതുരണ്ടും സ്വരൂപമല്ല എന്ന ധാരണ ആത്മ അനുസന്ധാനത്തിൽ നില നിറുത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ഡി.സി.സി ഓഫീസിനു സമീപമുള്ള നാടാർ സംഘം ഹാളിൽ നടക്കുന്ന വ്യാസപ്രസാദം 2025 ഗീതാ പ്രഭാഷണ പരമ്പര ഡിസംബർ 12 ന് പൂർത്തിയാകും .