ഇരവിപുരം: തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ റിബലാകും, എല്ലാം തുലയ്ക്കും, നശിപ്പിക്കും എന്നു പറയുന്നവർ പി.എ.അസീസിന്റെ ജീവചരിത്രം വായിക്കുന്നത് നല്ലതായിരിക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ.പറഞ്ഞു. പി.എ.അസീസ് സ്മാരക സമിതിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീറ്റുകിട്ടുമ്പോൾ മാത്രമല്ല പ്രവർത്തിക്കേണ്ടതെന്ന് പി.എ. അസീസ് തെളിയിച്ചിട്ടുണ്ട്. തനിക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ അവസരമുണ്ടായിട്ടും രാഷ്ട്രീയ തീരുമാനപ്രകാരം ആർ.എസ്.പി നേതാവ് ആർ.എസ്.ഉണ്ണിക്ക് സീറ്റു കൊടുത്തപ്പോൾ തിരഞ്ഞെടുപ്പ് സമിതി ചെയർമാനായി പ്രവർത്തിച്ച് മാതൃക കാട്ടിയ ആളാണ് പി.എ.അസീസ് എന്നും അദ്ദേഹം പറഞ്ഞു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികൾക്കുള്ള എൻഡോവ്മെന്റുകൾ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് വിതരണം ചെയ്തു. പി.എ.അസീസ് സ്മാരക സമിതി പ്രസിഡന്റ് അഡ്വ.എ.ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. പി. ജർമിയാസ്, അഡ്വ. കെ.ബേബിസൺ, പ്രൊഫ.ഇ.മേരീദാസൻ, നാസർ അസീസ്, വിപിനചന്ദ്രൻ, പാലത്തറ രാജീവ്, നാസർ എന്നിവർ സംസാരിച്ചു. രാവിലെ കോൺഗ്രസ്, ഐ.എൻ.ടി.യു.സി പ്രവർത്തകർ കൊല്ലൂർവിള ജമാഅത്തിലെത്തി പ്രാർത്ഥനയും അനുസ്മരണവും നടത്തി.