കൊല്ലം: കൊട്ടാരക്കരയിൽ ഐ.ടി പാർക്ക് സാക്ഷാത്കാരത്തിലേക്ക്. 85 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ടെണ്ടർ ക്ഷണിച്ചു. കിഫ്ബിയുടെ സാമ്പത്തിക പിന്തുണയിലാണ് ഐ.ടി പാർക്ക് നിർമ്മിക്കുക. ഡിസംബറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണ ജോലികൾ തുടങ്ങാനാകും. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. കൊല്ലം-തിരുമംഗലം ദേശീയപാതയ്ക്കും എം.സി റോഡിനും സമീപത്തുതന്നെയായി കെ.ഐ.പി വളപ്പിലാണ് ഭൂമി അനുവദിച്ചത്. ഒരേക്കർ ഭൂമിയിൽ 8 നിലകളിലായി 1,47,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിട സമുച്ചയമാണ് ഒരുങ്ങുക. ഒരു വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.
കൊട്ടാരക്കര ഐ,ടി മേഖലയിൽ വലിയ വികസനത്തിനൊരുങ്ങുന്നു. സോഹോ ഉൾപ്പടെയുള്ള അന്താരാഷ്ട്ര കമ്പനികൾ എത്തി. വർക്ക് നിയർ ഹോം ഉടൻ തുടങ്ങും. ഐ.ടി പാർക്കിന് കെട്ടിട നിർമ്മാണവും തുടങ്ങുകയാണ്.
കെ.എൻ.ബാലഗോപാൽ, മന്ത്രി