t
കളക്ടറേറ്റിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രം. മുകളിൽ വളർന്നു വരുന്ന ആൽമരം

കൊല്ലം: വി​ള്ളൽ വീണ ഭി​ത്തി​കൾ ഭീഷണി​ സൃഷ്ടി​ക്കുന്ന ബസ് കാത്തി​രി​പ്പ് കേന്ദ്രത്തെ കണ്ടി​ല്ലെന്നു നടി​ച്ച് അധി​കൃതർ.

കളക്ടറേറ്റിന് സമീപം ചിന്നക്കട ഭാഗത്തു നിന്ന് കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകാനായി ആളുകൾ കൂടുതലായി ആശ്രയിക്കുന്ന കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ ദുർവിധി.

മേൽക്കൂരയുടെ ഭാഗങ്ങൾ പൊട്ടി അടർന്ന നിലയിലും കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച കോൺക്രീറ്റ് കമ്പികൾ പുറത്തു കാണാവുന്ന വി​ധത്തി​ലുമാണ്. മുകളിലെ വശങ്ങൾ വീണ്ടുകീറി ഏത് നിമിഷവും പൊളിഞ്ഞു വീഴാവുന്ന അവസ്ഥയി​ൽ നി​ൽക്കുന്നു. കോൺക്രീറ്റ് മേൽക്കൂരയിൽ ആൽമരം ഉൾപ്പെടെ വളരുന്നുണ്ട്. ഇളകിയ കോൺക്രീറ്റ് പാളികൾ ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്.വൃത്തിഹീനമാണ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉൾവശം. ചുമർ നിറയെ പോസ്റ്ററുകളാണ്. സ്വകാര്യ ബസുകൾ കൂടാതെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾക്കും ഇവി​ടെ സ്റ്റോപ്പുണ്ട്.

രാത്രിയായാൽ പുറത്ത്

രാത്രിയായാൽ കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുട്ട് നിറയും. വെളിച്ചമില്ലാത്തത് സ്ത്രീകളടക്കമുള്ള യാത്രക്കാരെ വലയ്‌ക്കുന്നു. തെരുവ് വിളക്കിൽ നിന്നുള്ള നേരിയ വെളിച്ചം മാത്രമാണ് ഏക ആശ്രയം. ഇവ കൂടി പണിമുടക്കിയാൽ കാത്തിരിപ്പ് കേന്ദ്രം പൂർണമായും ഇരിട്ടിലാകും. ഇത് സാമൂഹ്യ വി​രുദ്ധർക്ക് മറയാവുകയും ചെയ്യും. രാത്രി​യി​ൽ ജോലികഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളാണ് എറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.

തെരുവു നായ്ക്കളുടെ ശല്യവും രൂക്ഷം. എത്രയും വേഗം കാത്തിരിപ്പ് കേന്ദ്രം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടേയും ആവശ്യം.