t
t

പരവൂർ: പൊഴിക്കരക്ഷേത്രം​ തീരദേശപാതയിലൂടെ ടിപ്പർ ലോറികൾ അമിതഭാരം കയറ്റി പായുന്നത് നിരോധിക്കണമെന്ന് നഗരസഭയ്ക്ക് തുറമുഖ വകുപ്പിന്റെ മുന്നറിയിപ്പ്. ചെറുകിട ജലസേചനവകുപ്പിനും കത്തു നൽകിയിട്ടുണ്ട്.

തീരദേശപാതയിലെ റോഡ് നഗരസഭയുടെയും തുറമുഖ വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും കീഴിലാണ്. 30 ടണ്ണിലധികം ഭാരമുളള വാഹനങ്ങൾ കടന്നുപോകുന്നതിനാൽ റോഡ് തകരുന്നുവെന്നാണ് പരാതി. 10 ടൺ ഭാരമുളള വാഹനങ്ങളെ ഉൾക്കൊള്ളും വിധമാണ് റോഡ് നവീകരിച്ചത്. മൂന്നിന് ചേരുന്ന ഗതാഗത ഉപദേശക സമിതി വിഷയം ചർച്ച ചെയ്യുമെന്ന് നഗരസഭാദ്ധ്യക്ഷ പി. ശ്രീജ അറിയിച്ചു. ഏറെക്കാലം പൊളിഞ്ഞുകിടന്ന പൊഴിക്കര ക്ഷേത്രം ​തീരദേശപാത റോഡ് അഞ്ചുമാസം മുമ്പാണ് നന്നാക്കിയത്. എന്നാൽ ദിനംപ്രതി ടിപ്പർലോറികൾ കൂട്ടമായി പോവുന്നതോടെ റോഡ് പൊളിയാൻ തുടങ്ങി. പലഭാഗത്തും ഇടിഞ്ഞുതാഴുന്നുണ്ട്. ദേശീയപാ നിർമ്മാണത്തിന് കായലിൽ നിന്ന് ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണലുമായാണ് ലോറികൾ രാപ്പകൽ ഇടതടവില്ലാതെ സഞ്ചരിക്കുന്നത്.

പാലത്തിന് അനുബന്ധമായി കട്ട പാകിയ ഭാഗം ഇടിഞ്ഞു താഴുന്നു. പാലത്തിൽ ഒരുമാസം മുമ്പ് ചെയ്ത ടാറിംഗും പൊളിഞ്ഞു. പാലത്തിന് സമീപത്തെ ക്ഷേത്രത്തിനു മുന്നിലുള്ള റോഡിൽ കുണ്ടും കുഴിയുമായി. ഭാരലോറികളുടെ ഗതാഗതം 1957 ൽ പണികഴിപ്പിച്ച ചീപ്പ് പാലത്തിനും ഭീഷണിയാകുമെന്ന ആശങ്കയുമുണ്ട്. ഇതിനകം പലതവണ പ്രതിഷേധ സൂചകമായി നാട്ടുകാർ ടിപ്പ​ർ ലോറികൾ തടഞ്ഞിരുന്നു. വിഷയത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നാട്ടുകാർ പറയുന്നു.