park
പൂതക്കുളം പഞ്ചായത്തിലെ ഹാപ്പിനസ് പാർക്ക്

കൊല്ലം: പൂതക്കുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തി​ൽ കുട്ടി​കൾക്കായി​ പൂതക്കുളം പാണാട്ട്ചിറയുടെ തീരത്ത് നിർമ്മിച്ച ഹാപ്പിനസ് സെന്റർ ശ്രദ്ധേയമാവുന്നു.

കഴിഞ്ഞദിവസം ജി.എസ്. ജയലാൽ എം.എൽ.എയാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹാപ്പിനസ് പാർക്കുകൾ സ്ഥാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നി​ർദ്ദേശമാണ് പി​ന്നി​ൽ. പഞ്ചായത്തിന്റെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനം നടന്നത്. 'കുട്ടികളുടെ പാർക്കിലെ അടിസ്ഥാന സൗകര്യ വികസനം' പദ്ധതി പ്രകാരമാണ് പാർക്കിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ നടപ്പാക്കിയത്. പാട്ടും കലാപരിപാടികളും അവതരിപ്പിക്കാനുള്ള ഇടമായാണ് പാർക്ക് വികസിപ്പിച്ചിട്ടുള്ളത്. സ്വകാര്യ ചടങ്ങുകളും യോഗങ്ങളും സംഗമങ്ങളും നടത്താൻ അവസരമുണ്ട്. കുട്ടികൾക്കൊപ്പം ഏത് പ്രായക്കാർക്കും വിശ്രമിക്കാനും സമയം ചെലവഴിക്കാനുമുള്ള അന്തരീക്ഷമാണ് സജ്ജമാക്കിയിട്ടുള്ളത്. വിനോദ സഞ്ചാരവകുപ്പിന്റെ 49 ലക്ഷവും ഇത്തിക്കര ബ്ലോക്കിന്റെയും പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെയും 5 ലക്ഷം വീതവും വിനിയോഗിച്ചാണ് പാർക്ക് നിർമ്മാണം. പൊതുജനങ്ങൾക്കായി പാർക്ക് തുറന്നു നൽകിയിട്ടുണ്ട്. ചർച്ചയ്ക്ക് ശേഷം മാത്രമെ സമയക്രമം സംബന്ധി​ച്ച കൃത്യമായ തീരുമാനമെടുക്കുകയുള്ളൂവെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

നിരാശപ്പെടില്ല കുട്ടികൾ

 കുട്ടികളുടെ ക്ഷേമത്തിനും കായിക, മാനസിക ഉല്ലാസത്തിനും പ്രാധാന്യം

 പാർക്കിൽ അനവധി ഉല്ലാസ, വിശ്രമ സൗകര്യങ്ങൾ

 കളിക്കാനുള്ള ഉപകരണങ്ങൾ, സെൽഫി പോയിന്റ്

 മൈക്ക് സെറ്റ്, ലൈറ്റ്, കഫ്റ്റീരിയ, സ്റ്റേജ് സൗകര്യങ്ങൾ

 നിലവിൽ ടേക് എ ബ്രേക്കിന്റെ രണ്ട് ടോയ്‌ലറ്റുകൾ

 ലൈറ്റ് റിഫ്രഷ്‌മെന്റ് ഏരിയ

എല്ലാവർക്കും പാട്ട്പാടാനും കലാപരിപാടികൾ അവതരിപ്പിക്കാനുമുള്ള ഇടമായാണ് ഇവിടം വികസിക്കുന്നത്. സ്വകാര്യ ചടങ്ങുകളും യോഗങ്ങളും സംഗമങ്ങളും നടത്താൻ പാകത്തിലുളള അധികസൗകര്യങ്ങളും നവീകരണത്തിന്റെ ഭാഗമാണ്. പാർക്കിനോട്‌ ചേർന്നുള്ള പാണാട്ട്ചിറയുടെ വിനോദ സഞ്ചാരമേഖലയിലെ പ്രാധാന്യം കണ്ടാണ് പാർക്കിന്റെ പ്രവർത്തനം ആരംഭിച്ചത്

എസ്. അമ്മിണിയമ്മ , പ്രസിഡന്റ് , പൂതക്കുളം ഗ്രാമപഞ്ചായത്ത്