
കരുനാഗപ്പള്ളി : എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണ സമ്മേളനം മുൻ മന്ത്രി രമേശ് ചെന്നിത്തല യൂണിയൻ പ്രാർത്ഥനാ ഹാളിൽ ഉദ്ഘാടനം ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ ശക്തനായ ഭരണാധികാരിയായിരുന്നു ആർ.ശങ്കർ എന്ന് അദ്ദേഹം പറഞ്ഞു. ആർ.ശങ്കർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. പാവപ്പെട്ടവരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴി തുറന്നതും അദ്ദേഹമായിരുന്നു. കൂടാതെ, ആർ.ശങ്കർ ധനകാര്യ വകുപ്പ് മന്ത്രി ആയിരിക്കുമ്പോഴാണ് കേരളത്തിൽ ആദ്യമായി ക്ഷേമപെൻഷൻ നടപ്പാക്കിയത്. ക്ഷേത്രങ്ങളെ സംരക്ഷിക്കാനും നവീകരിക്കാനുമായി ആർ.ശങ്കറും മന്നത്ത് പത്മനാഭനും ചേർന്നാണ് ദേവസ്വം ബോർഡിന് രൂപം നൽകിയത്. എന്നാൽ ഇന്നത്തെ ദേവസ്വം ബോർഡ് ഭഗവാന്റെ സ്വർണ്ണം കൊള്ളയടിക്കുകയാണെന്നും ഭഗവാന്റെ മുതൽ കൊള്ളയടിക്കുന്നവർ ജയിലിൽ പോകുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരക്കുകൾക്കിടയിലും ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ പ്രചരിപ്പിക്കാൻ ആർ. ശങ്കർ സമയം കണ്ടെത്തിയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കലോത്സവം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകളെ സി.ആർ. മഹേഷ് എം.എൽ.എ. ഉപഹാരം നൽകി അനുമോദിച്ചു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്, യോഗം ബോർഡ് മെമ്പർമാർ, യൂണിയൻ കൗൺസിലർമാർ, വനിതാ സംഘം പ്രസിഡന്റ് അംബികാദേവി, സെക്രട്ടറി മധുകുമാരി, പെൻഷണേഴ്സ് യൂണിയൻ പ്രസിഡന്റ് കെ. വിശ്വനാഥൻ, എംപ്ലോയീസ് ഫോറം പ്രസിഡന്റ് അജിത്ത് കുമാർ, എസ്.എൻ. സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.സിന്ധുസത്യദാസ്, എസ്.എൻ.ടി.ടി.ഐ പ്രിൻസിപ്പൽ സ്മിത, ആർ.എസ്.എം ഐ.ടി.ഐ പ്രിൻസിപ്പൽ പി.എസ്. ശ്രീകുമാർ, എസ്.എൻ. കോളേജ് ആൻഡ് ഓപ്പൺ സ്കൂൾ പ്രിൻസിപ്പൽ സിനിറാണി എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എ. സോമരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. ശോഭനൻ നന്ദിയും പറഞ്ഞു.